വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടി: പിണറായി വിജയന്‍

By Web TeamFirst Published Apr 2, 2019, 8:15 PM IST
Highlights

കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല, ഇടതുപക്ഷത്തിന്‍റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടിൽ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 ൽ കൂടുതൽ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ കരാർ എന്നിവയിൽ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടിൽ മത്സരിക്കാൻ എത്തിയ സഹചര്യത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് താമരശേരിയില്‍ നടന്ന തെര‍ഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 

വയനാട് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. സിപിഐയുടെ പി പി സുനീറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. തുഷാര്‍ വെള്ളാപ്പള്ളിയെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

click me!