അമിത് ഷായെ വീണ്ടും 'നിലംതൊടീക്കാതെ' ബംഗാള്‍; റാലി ഒഴിവാക്കി ബിജെപി അധ്യക്ഷന്‍

By Web TeamFirst Published May 13, 2019, 12:29 PM IST
Highlights

ഹെലികോപ്റ്റര്‍ ഇറങ്ങാനും സംഘം ചേരാനുമുള്ള അനുമതി നിഷേധിച്ചതോടെ ബിജെപി ജാദവ്‍പൂരില്‍ നടത്താനിരുന്ന അമിത് ഷായുടെ റാലി വേണ്ടെന്ന് വച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

ദില്ലി: രാഷ്ട്രീയപ്പോര് കനക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും അമിത് ഷായുടെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ അനുമതി കൊടുക്കാതെ പശ്ചിമ ബംഗാള്‍. ഹെലികോപ്റ്റര്‍ ഇറങ്ങാനും സംഘം ചേരാനുമുള്ള അനുമതി നിഷേധിച്ചതോടെ ബിജെപി ജാദവ്‍പൂരില്‍ നടത്താനിരുന്ന അമിത് ഷായുടെ റാലി വേണ്ടെന്ന് വച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന്‍റെ പ്രചാരണത്തിനായി റാലി നടത്താന്‍ അമിത് ഷാ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നേരത്ത അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് തദ്ദേശീയ അധികൃതര്‍ നിരസിക്കുകയായിരുന്നു.

നേരത്തെ, മാല്‍ഡയിലും അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറങ്ങാനുള്ള അനുമതി ബംഗാളില്‍ നിഷേധിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം മാല്‍ഡയില്‍ റാലി നടത്താന്‍ അമിത് ഷായ്ക്ക് അനുമതി നല്‍കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കുന്നത് പ്രായോഗികമല്ലെന്ന് കാണിച്ചാണ് അന്ന് അനുമതി നിഷേധിച്ചത്.

എന്നാല്‍, മമത ബാനര്‍ജിയുടെ അടക്കം ഹെലികോപ്റ്റര്‍ മാല്‍ഡയില്‍ ഇറക്കിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ ഇത് നിഷേധിച്ചു. അമിത് ഷായ്ക്ക് പുറതെ യുപി മുഖ്യന്‍ യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്റ്ററും ഇറങ്ങുന്നതില്‍ ബംഗാളില്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹെലികോപ്ടർ താഴെ ഇറക്കാന്‍ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് ‌ജനങ്ങളെ ഫോണിൽ വിളിച്ച് യോഗി ആദിത്യനാഥ് സംസാരിക്കുകയായിരുന്നു. 

click me!