
തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ നാട്ടിലെ ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി തൃശൂരിലെ തൃപ്രയാറില്‍ നടക്കുന്ന ഫിഷർമെൻ പാർലമെന്‍റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
'ഞാന്‍ നരേന്ദ്രമോദിയെ പോലെയല്ല, ഞാന്‍ എന്തെങ്കിലും വാഗ്ദാനം പ്രസംഗത്തിലൂടെ നല്‍കുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം മാത്രമാണ്' എന്നും രാഹുല്‍ പറഞ്ഞു. അംബാനിയും നീരവ് മോദിയും മന്ത്രിച്ചാല്‍ പോലും ഉറക്കെ കേള്‍ക്കുന്ന പ്രധാനമന്ത്രി പാവപ്പെട്ട മത്സ്യത്തൊഴിലാളികളും കര്‍ഷകരും എത്ര ഉറക്കെ പറഞ്ഞാലും കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേന്ദ്രത്തെയും മോദിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ അദ്ദേഹം, കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്കും മത്സ്യത്തൊഴിലാളികളോടുള്ള ഉറപ്പാണ് മന്ത്രാലയമെന്നും വ്യക്തമാക്കി. ശ്രീലങ്കന്‍ നേവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ട്രോളിംഗുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ ദില്ലിയിലെത്തിക്കാന്‍ ഇത് മത്സ്യത്തൊഴിലാളികളെ സഹായിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.