
മുംബൈ: ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. റോക്കറ്റിൽ കയറി ബാലാകോട്ടേക്ക് പോയാൽ സ്വന്തം കണ്ണുകൊണ്ട് തന്നെ തെളിവുകൾ പ്രതിപക്ഷ നേതാക്കൾക്ക് കാണാൻ സാധിക്കുമെന്ന് ഫട്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംശയമുള്ള നേതാക്കളെ റോക്കറ്റിൽ ബന്ധിപ്പിച്ച് അങ്ങോട്ടയക്കൂ. അവർക്ക് അവരുടെ കണ്ണ് കൊണ്ട് തന്നെ അത് കാണാം'- ഫട്നാവിസ് പറഞ്ഞു. മഹാസഖ്യത്തെ അദ്ദേഹം മഹാകിച്ചടി എന്ന് പരിഹസിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് സൈന്യത്തിന്റെ ശക്തി അറിയില്ലെന്നും അതിനാലാണ് അവർ സംശയം പ്രകടിപ്പിക്കുന്നതെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെയും സമാനമായ പരാമർശം നടത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വ്യോമാക്രമണത്തിൽ സംശയമുള്ളവർ രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കൂ. അപ്പോഴേ പ്രതിപക്ഷത്തിന് മനസ്സിലാകുകയുള്ളൂ എന്നായിരുന്നു മുണ്ടെ പറഞ്ഞത്.