Latest Videos

'ദീദി, തൃണമൂലിന്‍റെ 40 എംഎൽഎമാർ ഞങ്ങളോടൊപ്പമാണ്', വെളിപ്പെടുത്തലുമായി നരേന്ദ്രമോദി

By Web TeamFirst Published Apr 29, 2019, 4:37 PM IST
Highlights

സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 211 എംഎൽഎമാരാണ് മമതാ ബാനർജി സർക്കാരിന് ബംഗാൾ നിയമസഭയിലുള്ളത്. ഇതിൽ 40 പേർ ബിജെപിയുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ അവകാശവാദം. 

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ 40 എംഎൽഎമാർ ബിജെപിയുമായി നിരന്തരമായി ബന്ധം പുലർത്തുന്നുവെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഞെട്ടിക്കുന്ന അവകാശവാദം നടത്തിയത്. 

''ദീദീ, മെയ് 23-ന് ഫലം പുറത്തുവന്നാൽ എല്ലായിടത്തും താമര വിരിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാം പുറത്തു വരും. നിങ്ങളുടെ എംഎൽഎമാർ നിങ്ങളെ വിട്ട് ഓടി രക്ഷപ്പെടും. ഇന്ന് പോലും, നിങ്ങളുടെ 40 എംഎൽഎമാർ എന്നോടൊപ്പമാണ്'', മോദി അവകാശപ്പെട്ടു. 

പശ്ചിമബംഗാളിൽ ആകെ 295 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇതിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മമതാ ബാനർജി അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷം 148 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ. 40 എംഎൽഎമാർ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരത്തിന് പ്രശ്നമൊന്നും വരില്ല. പക്ഷേ, നാൽപ്പത് പേർ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തൽ രാഷ്ട്രീയരംഗത്ത് വലിയ വിവാദമാകുമെന്നുറപ്പാണ്. 

പശ്ചിമബംഗാളിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് വിചിത്രമായ വാദം നരേന്ദ്രമോദി ഉന്നയിക്കുന്നത്. 

ജനങ്ങളെ ചതിച്ച മമതാ ബാനർജിക്ക് തുടരാൻ ബുദ്ധിമുട്ടാകുമെന്നും ശാരദാ ചിട്ടിതട്ടിപ്പ് കേസുകളുൾപ്പടെ ചൂണ്ടിക്കാട്ടി മോദി പ്രസംഗത്തിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മോദിയുടെ ഈ അവകാശവാദം. 

അതേസമയം, മോദി കുതിരക്കച്ചവടം നടത്താൻ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. പോളിംഗ് നടക്കുന്ന ദിവസം ഇത്തരത്തിലൊരു പ്രസംഗം നടത്തുന്നത് ചട്ടലംഘനമാണെന്നും പരാതിയിൽ തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

മോദി - മമത വാക്പോര് മുറുകുന്നതിനിടെ, നടൻ അക്ഷയ് കുമാറിന് നൽകിയ അഭിമുഖത്തിൽ മോദി മമത തനിക്ക് മധുരവും കുർത്തകളും അയക്കാറുണ്ടെന്ന് പറഞ്ഞിരുന്നു. 'നിങ്ങൾക്ക് രസഗുള ഞാൻ തരാം, കല്ലും ചരലും വച്ച്' എന്നായിരുന്നു മോദിയുടെ പരാമർശത്തിന് മമത നൽകിയ മറുപടി. 

click me!