പരാജയപ്പെട്ടത് ​ഗാന്ധിയുടെ പ്രത്യയശാസ്ത്രം; ദിഗ്‌വിജയ് സിങ്

By Web TeamFirst Published May 24, 2019, 8:33 PM IST
Highlights

ഭോപ്പാലില്‍ നിന്ന് മത്സരിച്ച ദിഗ്‌വിജയ് സിങിനെ തോൽപ്പിച്ച് മൂന്നു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്ര​ഗ്യ സിങ് വിജയം കൈവരിച്ചത്.

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. ​തെരഞ്ഞെടുപ്പിൽ ജയിച്ചത് ​ഗന്ധിയെ കൊലപ്പെടുത്തിയവരുടെ പ്രത്യയശാസ്ത്രമാണെന്നും പകരം ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടുവെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഭോപ്പാലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യൻ ജനാധിപത്യത്തിന്റെ പാരമ്പര്യമനുസരിച്ച്, ഈ ജനവിധിയെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഒരു കാര്യത്തിൽ ആശങ്കാകുലനാണ്. ​ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രമാണ് ഇവിടെ വിജയിച്ചത്. ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെടുകയും ചെയ്തു'- ദിഗ്‌വിജയ് സിങ് പറഞ്ഞു. ​ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ യഥാർത്ഥ രാജ്യസ്നേഹിയാണെന്ന പ്ര​ഗ്യ സിങിന്റെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുദ്രാവാക്യം 280 പ്ലസ് എന്നായിരുന്നു. അന്നവർ അത് നേടി. ഇപ്പോൾ 300 പ്ലസ് എന്നായിരുന്നു മുദ്രാവാക്യം, അതും അവർ സ്വന്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവചിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ അവർ എന്ത് മാന്ത്രിക കോലാണ് ഉപയോ​ഗിച്ചതെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.

ഭോപ്പാലില്‍ നിന്ന് മത്സരിച്ച ദിഗ്‌വിജയ് സിങിനെ തോൽപ്പിച്ച് മൂന്നു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്ര​ഗ്യ സിങ് വിജയം കൈവരിച്ചത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്. 
 

click me!