വാരണാസിയില്‍ മഹാസഖ്യത്തിന് തിരിച്ചടി; മോദിക്കെതിരായ തേജ് ബഹാദൂറിന്‍റെ പത്രിക തള്ളി

By Web TeamFirst Published May 1, 2019, 4:23 PM IST
Highlights

മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുൻ ജവാൻ തേജ് ബഹാദൂറിന്‍റെ നാമനിർദേശ പത്രിക തള്ളി .  സൈന്യത്തിൽ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ 

വാരണാസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി തേജ് ബഹദൂര്‍ യാദവിന്‍റെ പത്രിക തള്ളി. പത്രികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അഴിമതി കേസിൽ സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് പുറത്താക്കപ്പെട്ടാൽ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെുപ്പിൽ മത്സരിക്കാനാകില്ല. 

അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹദൂര്‍ യാദവ് നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹദൂര്‍ യാദവിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാര‍്ത്ഥിയായി പത്രിക നൽകിയ തേജ് ബഹദൂര്‍ പിന്നീട് എസ്.പി.-ബി.എസ്.പി-ആര്‍.എൽ.ഡി സഖ്യ സ്ഥാനാര‍്ത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു. പത്രിക തള്ളിയതോടെ മഹാസഖ്യത്തിന് വാരാണസിയിൽ സ്ഥാനാര്‍ത്ഥിയില്ലാതായി.

സൈന്യത്തിലെ അഴിമതി സോഷ്യൽ മീഡിയയിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. മുൻ സൈനികനെ സ്ഥാനാര്‍ത്ഥിയാക്കി മോദിയെ പ്രതിരോധത്തിലാക്കാനുള്ള മഹാസഖ്യത്തിന്‍റെ നീക്കം കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ പൊളിഞ്ഞത്. 

ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ശാലിനി യാദവിന്‍റെ പത്രിക പിൻവലിച്ചായിരുന്നു തേജ് ബഹദൂരിന് മഹാസഖ്യം സീറ്റ് നൽകിയത്. തേജ് ബഹദൂര്‍ യാദവ് പുറത്തായതോടെ വാരാണസിയിൽ മത്സരം നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് സ്ഥാനാര‍്ത്ഥി അജയ് റായിക്കും ഇടയിലാവും. മോദിക്കെതിരെ കോണ്‍ഗ്രസിന് വോട്ടുചെയ്യുക മാത്രമാകും മഹാസഖ്യത്തിന് മുന്നിലെ വഴി. 

click me!