മോദിയുടെ അഭിമുഖമെടുത്ത അക്ഷയ് കുമാര്‍ വോട്ട് ചെയ്തില്ലേ? ചോദ്യമുയരുന്നു

By Web TeamFirst Published May 1, 2019, 3:40 PM IST
Highlights

ആളുകള്‍ താങ്കളെ സ്നേഹിക്കുന്നു. പക്ഷേ, വോട്ട് ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ചെറിയ കാര്യങ്ങള്‍ക്ക് ആളുകള്‍ താങ്കളെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചോദ്യം ഉന്നയിക്കാന്‍ റിപ്പോര്‍ട്ടര്‍ പോകുമ്പോള്‍ അത് ചോദിച്ചയാളെ പിടിച്ച് പോകൂ എന്നാണ് അക്ഷയ് മറുപടി നല്‍കിയത്

രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരോട് അവരുടെ വോട്ടവകാശം രാജ്യത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടവും പൂര്‍ണമായപ്പോള്‍ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നതിനായി സിനിമ മേഖലയില്‍ നിന്ന് നിരവധി പേര്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു.

വോട്ട് ചെയ്യാന്‍ പോളിംഗ് സ്റ്റേഷനില്‍ നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. റണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഷാരുഖ് ഖാന്‍, പ്രിയങ്ക ചോപ്ര, വിജയ്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരൊക്കെ വോട്ട് ചെയ്ത വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

എന്നാല്‍, ഇതെല്ലാം ചൂണ്ടിക്കാട്ടി മറ്റൊരു ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. അത് മറ്റൊന്നുമല്ല, രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ ബോളിവുഡ് താരം അക്ഷയ് കുമാര്‍ വോട്ട് ചെയ്തില്ലേ എന്നാണ് ആ ചോദ്യം. ഈ ചോദ്യം പലരും ഉയര്‍ത്തുന്നതിനിടെ ഒരു പൊതു ചടങ്ങിലെത്തിയ അക്ഷയ് കുമാറിനോട് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ഉന്നയിക്കുകയും ചെയ്തു.

ആളുകള്‍ താങ്കളെ സ്നേഹിക്കുന്നു. പക്ഷേ, വോട്ട് ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ചെറിയ കാര്യങ്ങള്‍ക്ക് ആളുകള്‍ താങ്കളെ വിമര്‍ശിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചോദ്യം ഉന്നയിക്കാന്‍ റിപ്പോര്‍ട്ടര്‍ പോകുമ്പോള്‍ അത് ചോദിച്ചയാളെ പിടിച്ച് പോകൂ എന്നാണ് അക്ഷയ് മറുപടി നല്‍കിയത്. ഇതോടെ വോട്ട് ചെയ്യാത്തതെന്ത് എന്ന് ചോദ്യത്തിന് എന്തിന് ദേഷ്യപ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

ഇന്ത്യന്‍ പൗരന്‍ അല്ലാത്തതിനാല്‍ അക്ഷയ് കുമാറിന് ഇന്ത്യയില്‍ വോട്ടില്ല എന്നതാണ് സത്യം. ഔദ്യോഗിക രേഖകൾ പ്രകാരം ഒരു കനേഡിയൻ പൗരനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്‍റെ മുന്നിൽ, ഇന്ത്യൻ പൗരത്വം വേണോ, കനേഡിയൻ പൗരത്വം വേണോ എന്ന ചോദ്യം വരുന്നത് 2014 -ലാണ്. അന്നാണ്, അദ്ദേഹത്തിന് കനേഡിയൻ സര്‍ക്കാര്‍ ആദരസൂചകമായി പൗരത്വം സമ്മാനിക്കുന്നത്.

ഇന്ത്യൻ പൗരത്വ നിയമങ്ങൾ ഇരട്ട പൗരത്വത്തിന് സാധുത നൽകുന്നതല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ അക്ഷയ് കുമാറിന്റെ പൗരത്വം കനേഡിയൻ ആണ്. കൂടാതെ, തന്‍റെ വിശ്രമജീവിതം ടൊറന്‍റോയില്‍ ചിലവഴിക്കണമെന്നും തന്‍റെ വീട് അവിടെയാണെന്നും അക്ഷയ് പറയുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയോ പൊക്കിയെടുത്തിട്ടുണ്ട്.

click me!