
ലഖ്നൗ: ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം സുഖപ്പെട്ടതെന്ന ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ വാദം തള്ളി ഡോക്ടർമാർ. ലഖ്നൗ രാം മോഹൻ ലോഹിയ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോത്തോറാസിക്ക് ആൻഡ് വാസ്കുലർ സർജൻ ഡോ. എസ് എസ് രജ്പുത് ആണ് പ്രഗ്യ സിംഗ് താക്കൂറിന്റെ വാദം തള്ളി രംഗത്തെത്തിയത്. പ്രഗ്യ സിംഗ് സ്തനാർബുദത്തിന് ചികിത്സയിലായിരുന്നുവെന്നും ചികിത്സയുടെ ഭാഗമായി അവരുടെ സ്തനങ്ങൾ നീക്കം ചെയ്തിരുന്നതായും ഡോ. എസ് എസ് രജ്പുത് വ്യക്തമാക്കി.
പ്രഗ്യ സിംഗിനെ സ്തനാർബുദ ചികിത്സയുമായി ബന്ധപ്പെട്ട് മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. പ്രാരംഭഘട്ടത്തിൽ തന്നെ വളരെ സങ്കീർണ്ണമായതിനാൽ ചികിത്സ പെട്ടെന്ന് ആരംഭിക്കുകയായിരുന്നു. ശരീരത്തെ കാർന്ന് തിന്നുന്ന അർബുദം വീണ്ടും പിടിപ്പെടുന്നത് തടയുന്നതിനാണ് സ്തനങ്ങൾ നീക്കം ചെയ്തതെന്നും ഡോ. രജ്പുത് പറഞ്ഞു.
ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷം തന്റെ സ്തനാർബുദം സുഖപ്പെട്ടെന്ന പ്രഗ്യ സിംഗിന്റെ വെളിപ്പെടുത്തൽ വൈദ്യശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. 2008-ലാണ് പ്രഗ്യ സിംഗിനെ ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുന്നത്. വലത് സ്തനത്തിന് അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അത്. മുംബൈയിലെ ജെജെ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ആ സമയത്ത്, അർബുദം മുഴുവനായും മാറിയോയെന്ന് നിര്‍ണ്ണയിച്ചിരുന്നില്ല.
2012-ൽ ഇടത് സ്തനത്തിനും അർബുദം ബാധിക്കുകയായിരുന്നു. തുടർന്ന് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിൽവച്ച് വീണ്ടും പ്രഗ്യ സിംഗിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അതിനുശേഷം വിദഗ്ധ പരിശോധനയ്ക്കായി അർബുദത്തിന്റെ സാമ്പിളുകൾ മുംബൈയിലെ ഒരു ലാബിലേക്ക് അയച്ചു. പിന്നീട് പരിശോധനഫലം പുറത്ത് വന്നപ്പോഴാണ് അർബുദത്തിന്റെ ഒന്നാംഘട്ടത്തിലാണെന്നും വളരെ സങ്കീർണ്ണമാണെന്നും കണ്ടെത്തിയത്, ഡോ. രജ്പുത് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രഗ്യ സിംഗിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള എല്ലാ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-ൽ മാലേഗാവ് സ്‌ഫോടന കേസിൽ ജാമ്യം ലഭിച്ചപ്പോഴാണ് പ്രഗ്യ സിംഗ് താക്കൂറിനെ ലഖ്നൗവിലെ രാം മോഹൻ ലോഹിയ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അന്ന് ശസ്ത്രക്രിയയിലൂടെ അവരുടെ സ്തനങ്ങൾ നീക്കം ചെയ്തു. കീമോതെറാപ്പിക്കും റേഡിയേഷനുമൊക്കെ വിധേയയായിട്ടും ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം സുഖപ്പെട്ടതെന്ന പ്രഗ്യ സിംഗിന്റെ വാദത്തെ പൂർണ്ണമായും തള്ളുന്നതായി രജ്പുത് പറഞ്ഞു. ഈ വർഷം ആദ്യം പരിശോധനയ്ക്കായി പ്രഗ്യ സിംഗ് തന്നെ സന്ദർശിച്ചിരുന്നതായും രജ്പുത് വ്യക്തമാക്കി.