ബെന്നി ബെഹനാന് വിശ്രമം; ചാലക്കുടിയിൽ പ്രചാരണം എംഎൽഎമാർ ഏറ്റെടുക്കുന്നു

By Web TeamFirst Published Apr 6, 2019, 5:45 AM IST
Highlights

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം എംഎൽഎമാർ ഏറ്റെടുക്കുന്നു. ഇന്ന് രാവിലെ പെരുമ്പാവൂർ കുറുപ്പുംപടിയിൽ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രചാരണം ആരംഭിക്കും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാർഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

എറണാകുളം-തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് ബെന്നി ബെഹനാനിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ആരോഗ്യസ്ഥിതി പരിഗണിച്ച് ബെന്നി ബെഹനാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത് വലതുക്യാംപിനെ അങ്കലാപ്പിലാക്കി. 

ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ പ്രചാരണത്തിന് ഇറക്കാനുള്ള തീരുമാനം. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, വി പി സജീന്ദ്രൻ എന്നിവർ മണ്ഡലത്തിൽ പര്യടനം നടത്തും. കൂടാതെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവർ മണ്ഡലത്തിൽ സജീവ പ്രചാരണം നടത്തും.

എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴിലെ എംഎൽഎ മാരായ വി ഡി സതീശൻ, പി ടി തോമസ് എന്നിവരും പ്രചാരണത്തിന് ഊർജം പകരാൻ എത്തും. ആലുവയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നെഞ്ചു വേദനയെ തുടർന്ന് ഇന്നലെ രാവിലെയാണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹന്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നര ആഴ്ചത്തെ വിശ്രമം വേണമെന്നാണ് ബെന്നി ബെഹനാന് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.

click me!