'മോദി സേന' പരാമര്‍ശം: യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web TeamFirst Published Apr 5, 2019, 11:25 PM IST
Highlights

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംഭവത്തില്‍  വിശദീകരണം നല്‍കാന്‍ നേരത്തെ യോഗി ആദിത്യനാഥിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ്  കമ്മീഷന്‍റെ നടപടി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത്. ഒരു മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ പരാമര്‍ശം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് വിവാദപരാമര്‍ശം നടത്തിയത്. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും നേരെ കോണ്‍ഗ്രസിനുള്ളത് മൃദുസമീപനമാണെന്ന കുറ്റപ്പെടുത്തലോടെയായിരുന്നു തുടക്കം. "കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്. 

അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു". യോഗി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

click me!