ഞാന്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അറിയില്ല, എന്നോടൊന്ന് പറയാമായിരുന്നു: കെ വി തോമസ്

By Web TeamFirst Published Mar 16, 2019, 9:51 PM IST
Highlights

താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. ജനങ്ങള്‍ക്കൊപ്പം ഇനിയും തുടരും. പക്ഷേ ചെറിയൊരു  സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്ന് കെ വി തോമസ് 

ദില്ലി: എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡനെ പരിഗണിച്ചതില്‍ രൂക്ഷ പ്രതിഷേധവുമായി കെ വി തോമസ്. ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ലെന്ന് കെ വി തോമസ്. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താന്‍. മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് കെ വി തോമസിന്റെ പ്രതികരണം. താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. മുന്നോട്ട് രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. ജനങ്ങള്‍ക്കൊപ്പം ഇനിയും തുടരും. 

പക്ഷേ ചെറിയൊരു  സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്ന് കെ വി തോമസ് പറഞ്ഞു. എറണാകുളത്ത് സിറ്റിംഗ് എംപി പ്രൊഫ. കെ വി തോമസിന് പകരം ഹൈബി ഈഡൻ എംഎൽഎയെ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. പ്രായമായത് തന്‍റെ കുറ്റമല്ല, താന്‍ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്ന് കെ വി തോമസ് കൊച്ചിയില്‍ പറഞ്ഞു. ബിജെപിയിലേക്ക് പോവില്ല.  

താന്‍ മികച്ച ഒരു സാമാജികന്‍ തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ തന്നെയാണ് ജയിച്ചത്. ചതിയെന്ന് പറയില്ലെങ്കിലും തന്നോട് നീതി കാണിച്ചില്ലെന്ന് കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി തീരുമാനത്തില്‍ ഞെട്ടലുണ്ടെന്നും കെ വി തോമസ് പറഞ്ഞു. മണ്ഡലത്തില്‍ തിരിച്ചടിയാവുമോയെന്നത് ജനങ്ങളുടെ തീരുമാനമാണ്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍, പരാതിയില്ലെങ്കിലും അതീവ ദുഖം ഈ തീരുമാനത്തില്‍ ഉണ്ടെന്നും കെ വി തോമസ് പറഞ്ഞു. കുമ്പളങ്ങി എന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ട്. ദൈവം എനിക്ക് നല്ലതേ വരൂത്തുവെന്നും  കെ വി തോമസ് പ്രതികരിച്ചു. 
 

click me!