
ദില്ലി: തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി നൽകിയ പരാതിയിൽ മറുപടി നൽകാൻ നാളെ വൈകുന്നേരം വരെയാണ് രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകിയത്.
ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോഡി നടപ്പാക്കുന്നതെന്ന പരാമർശത്തിനെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏപ്രിൽ 23 ന് മധ്യപ്രദേശിലെ റാലിയിലാണ് രാഹുൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
രാഹുലിന്‍റെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.
വിശദീകരണം നൽകാൻ മെയ് 7 വരെ സമയം ആവശ്യപ്പെട്ട രാഹുൽ പിന്നീട് ഈ ആഴ്ച അവസാനം വരെ സമയം നീട്ടിനൽകണമെന്ന് കമ്മീഷനെ അറിയിച്ചു. രാഹുലിന്‍റെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് വരെ സമയം നൽകിയത്