ടിക്കറ്റിലും പാസിലും മോദിയുടെ ചിത്രം: റെയിൽവേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By Web TeamFirst Published Mar 27, 2019, 3:37 PM IST
Highlights

പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും, റെയിൽ ടിക്കറ്റുകളില്‍ നിന്നും എയർ ഇന്ത്യയുടെ ബോർഡിങ് പാസുകളിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്യാത്തതിനെതിരെയാണ് നടപടി. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നല്‍കണം.

ദില്ലി: റെയിൽവേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടും, റെയിൽ ടിക്കറ്റുകളില്‍ നിന്നും എയർ ഇന്ത്യയുടെ ബോർഡിങ് പാസുകളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാത്തതിനെതിരെയാണ് നടപടി. ചിത്രങ്ങള്‍ എടുത്ത് മാറ്റാത്തത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് കാണിച്ചാണ് നോട്ടീസ്.

പെരുമാറ്റച്ചട്ടം ലംഘിച്ച് ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ചതിനെതിരെ തൃണമൂൽ കോൺ​ഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും ഇതിലാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ കോൺ​ഗ്രസിന്‍റെ പരാതിയിൽ പറയുന്നു. മോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച ടിക്കറ്റുകൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കണമെന്നും പരാതിയിൽ തൃണമൂല്‍ കോണ്‍ഗ്രസ്  ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 63,449 ഹോർഡിങ്, ബാനർ, പോസ്റ്റർ എന്നിവ ദില്ലിയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നീക്കം ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോർഡിങുകൾ പെട്രോൾ പമ്പുകളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമടക്കം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെത്തുട‍ര്‍ന്നാണ് ഇവ മാറ്റുവാനുള്ള നടപടി കമ്മീഷൻ സ്വീകരിച്ചത്. 
 

click me!