Latest Videos

അഭിമന്യുവിന്‍റെ കലാലയത്തില്‍ വോട്ട് തേടി പി രാജീവ്; എറണാകുളത്ത് പ്രചാരണ ചൂടേറി

By Web TeamFirst Published Mar 18, 2019, 5:16 PM IST
Highlights

വർഗീയതയ്ക്കെതിരെ അഭിമന്യു കോറിയിട്ട മുദ്രാവാക്യത്തിനരികെ നിന്ന് അതേ സന്ദേശം ഉയർത്തിപ്പിടിക്കുമെന്ന് പി രാജീവ് പ്രതിജ്ഞ ചെയ്തു. 

കൊച്ചി: അഭിമന്യുവിന്‍റെ കലാലയത്തിൽ വോട്ട് തേടി എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. വർഗീയതയ്ക്കെതിരായ മുദ്രാവാക്യമുയർത്തിയാണ് മഹാരാജാസ് കോളേജിൽ പി രാജീവ് പ്രചാരണത്തിനിറങ്ങിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേയും മാതാഅമൃതാനന്ദമയിയുടെയും പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പ്രചാരണത്തിന് ആക്കം കൂട്ടി. 

ചുവപ്പ് പരന്ന മഹാരാജാസിന്റെ മണ്ണിൽ യുവ നേതാവിന് ഊജ്വലസ്വീകരണമാണ് ഒരുക്കിയത്. തെരഞ്ഞെടുപ്പിൽ പിന്തുണ തേടി വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും അടുത്തേക്ക് എത്തുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കെതിരെ അഭിമന്യു കോറിയിട്ട മുദ്രാവാക്യത്തിനരികെ അതേ സന്ദേശം ഉയർത്തിപ്പിടിക്കുമെന്നും പി രാജീവ് പ്രതിജ്ഞ ചെയ്തു. 

എറണാകുളം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് സമാപനം ആകുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത് സ്ഥാനാർത്ഥി. മറുവശത്ത് യുഡിഎഫ് ക്യാമ്പും പ്രചാരണങ്ങൾക്ക് വേഗം കൂട്ടി. തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവിൽ വരുന്നതോടെ പ്രചാരണം കൂടുതൽ ആസൂത്രിതമാക്കിസ, മികച്ച മുന്നേറ്റം നടത്താൻ ആകുമെന്നാണ് പ്രതീക്ഷ. മതസാമൂദിക നേതാക്കളുടെ അടക്കം പിന്തുണ യുഡിഎഫ് തേടും. ഇതിന്‍റെ ഭാഗമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാതാഅമൃതാനന്ദമയി എന്നിവരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

എന്നാൽ സ്ഥാനാർത്ഥി തർക്കം തലവേദന ആയി തുടരുന്ന ബിജെപിയ്ക്ക് എറണാകുളത്തെ പ്രചാരണവും വെല്ലുവിളിയാകുമെന്നുറപ്പാണ്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കൻ  എറണാകുളത്ത് സ്ഥാനാർത്ഥിയാകുമെന്നാണ് ഒടുവിലത്തെ അഭ്യൂഹം.

click me!