അച്ഛന്‍റെ കൂട്ടരോടൊപ്പം ഞാനുമുണ്ട്: വയൽക്കിളികളോട് വോട്ടഭ്യ‍ർത്ഥിച്ച് പികെ ശ്രീമതി

By Web TeamFirst Published Mar 24, 2019, 12:07 PM IST
Highlights

തികഞ്ഞ പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ എതിർസ്വരങ്ങളുയ‍ർന്നത് വയൽക്കിളി സമരത്തോടെയെയായിരുന്നു


കണ്ണൂർ: വയൽക്കിളി സമരം കൊണ്ട് ശ്രദ്ധേയമായ കീഴാറ്റൂരിൽ വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതി. വയൽ കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ മകനെ ചേർത്ത് പിടിച്ച് പൂമാലയിട്ടായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യ‍ർത്ഥന. 

സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പിൻമാറി. പരിസ്ഥിതി സമരത്തിന് ഒരു വോട്ട് എന്നാണ് മുദ്രാവാക്യത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു തീരുമാനം. 

തികഞ്ഞ പാർട്ടി ​ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്ന വയൽക്കിളി പരിസ്ഥിതി പ്രക്ഷോഭത്തെ ആദ്യഘട്ടത്തില്‍ പിന്തുണച്ച ഭരണകക്ഷിയായ സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറി. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് സമരക്കാരിൽ ഒരു വിഭാ​ഗം ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

ചിത്രം: പ്രതീഷ് കപ്പോത്ത്

എന്നാൽ, സിപിഎം പ്രവർത്തകനായിരുന്ന സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തിൽ ഒരുവിഭാ​ഗം പ്രദേശവാസികൾ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാക്കുകയായിരുന്നു. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതിനോടകം തന്നെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമരത്തിന് പിന്തുണയുമായി രം​ഗത്തു വന്നിരുന്നു. 

വിഷയത്തിൽ സജീവമായി ഇടപെട്ട ബിജെപി സുരേഷ് കീഴാറ്റൂരുമായി ദില്ലിയിലെത്തുകയും കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്തു. ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ നിവേദനം മന്ത്രിക്ക് നൽകിയെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കീഴാറ്റൂരിലൂടെയള്ള ബൈപ്പാസ് പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തുവന്നു. സമരത്തെ ആദ്യഘട്ടത്തിൽ ശക്തമായി പിന്തുണച്ച യുഡിഎഫും ബിജെപിയും പിന്നീട് പിൻവലിഞ്ഞിരുന്നു. ബഹുജനസംഘടനകളുടെ പിന്തുണ കുറഞ്ഞതോടെ സമരം വാർത്തകളിലൊതുങ്ങി.

click me!