സൈനികരുടെ പേരിൽ വോട്ട് ചോദിച്ച പരാതിയിലും മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്

By Web TeamFirst Published May 1, 2019, 10:45 PM IST
Highlights

മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി

ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. സേനയുടെ നടപടികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാർച്ച് 19ന് കമ്മീഷൻ രാഷ്ടീയ പാർട്ടികളോട് നിർദ്ദേശിച്ചിരുന്നു

മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒമ്പതിലെ റാലിയിലായിരുന്നു മോദിയുടെ പ്രസംഗം. കന്നി വോട്ടർമാർ പുൽവാമയിലെ രക്തസാക്ഷികൾക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവർക്കും വേണ്ടി വോട്ട് ചെയ്യണമെന്നാണ് മോദി പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. പ്രസംഗത്തിന്‍റെ പകർപ്പ് പരിശോധിച്ചെന്നും ഇതിനെതിരെ കിട്ടിയ പരാതികൾ തള്ളുകയാണെന്നും കമ്മീഷൻ അറിയിച്ചു. 

വർധയിലെ വർഗീയ പ്രസംഗ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. വർഗ്ഗീയ പരാമർശമെന്ന കോൺഗ്രസിന്‍റെ പരാതി കമ്മീഷൻ തള്ളികയും ചെയ്തു. രാഹുലിന്‍റെ വയനാട് സ്ഥാനാർത്ഥിത്വത്തിനെതിരെ ആയിരുന്നു മോദിയുടെ പരാമർശം. ന്യൂനപക്ഷ മേഖലയിലേക്ക് രാഹുൽ ഒളിച്ചോടിയെന്നായിരുന്നു പരാമർശം. 

click me!