
ദില്ലി: മെട്രോ സ്റ്റേഷനുകളിൽ മെട്രോയുടെ ഉദ്ഘാടന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ദില്ലി മെട്രോ എംഡിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മെട്രോയുടെ പിങ്ക് ലൈനിലാണ് ഉദ്ഘാടന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഈസ്റ്റ് ദില്ലി നിയോജകമണ്ഡലത്തിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ നിർദ്ദേശപ്രകാരമാണ് കമ്മീഷൻ ദില്ലി മെട്രോ റെയിൽ കോപ്പറേഷൻ എംഡി ഡോ. മംഗു സിഗിന് നോട്ടീസ് അയച്ചത്. ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി.
എംസിഎംസിയുടെ പക്കൽനിന്നും ഒപ്പിട്ട് വാങ്ങിച്ച സർട്ടിഫിക്കറ്റ് മെയ് രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ വീഴ്ച്ച വരുത്തിയാൽ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും നോട്ടീസിൽ വ്യക്തമാക്കി.