പോളിങ് ബൂത്തിൽ സംഘർഷം; പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റ കേസിൽ ശിവ സേന എംപിയുടെ ഭാര്യയ്ക്ക് ജയിൽശിക്ഷ

By Web TeamFirst Published Apr 30, 2019, 11:42 PM IST
Highlights

മഹാരാഷ്ട്ര സൗത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപി രാഹുൽ ശെവലെയുടെ ഭാര്യ കാമിനി ശെവലെ അടക്കം 17 പേർക്ക് ഒരു വർഷം തടവാണ് കോടതി വിധിച്ചത്. 

മുംബൈ: 2014-ലെ പൊതു തെരഞ്ഞെടുപ്പിൽ മുംബൈയിലെ പോളിങ് ബൂത്തിലുണ്ടായ സംഘർഷത്തിൽ പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റ കേസിൽ ശിവ സേന എംപിയുടെ ഭാര്യയ്ക്ക് ജയിൽശിക്ഷ. മഹാരാഷ്ട്ര സൗത്ത് സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപി രാഹുൽ ശെവലെയുടെ ഭാര്യ കാമിനി ശെവലെ അടക്കം 17 പേർക്ക് ഒരു വർഷം തടവാണ് കോടതി വിധിച്ചത്. മുംബൈ സെഷൻ കോടതി ജഡ്ജി ഡി കെ ​ഗുഡാതെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം. 

മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ശിവ സേന പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കോൺസ്റ്റബിൾ വികാസ് തോർബോലിനാണ് ​ഗുരുതരമായി പരിക്കേറ്റത്. മുംബൈ സൗത്ത് മണ്ഡലത്തിൽ വോട്ടർമാർക്ക് വ്യാപകമായി പണം വിതരണം ചെയ്യുന്നെന്ന് ആരോപിച്ചാണ് ഇരുപാർട്ടികളും തമ്മിൽ സംഘർഷം നടന്നത്.   

കേസിൽ വികാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കൊലപാതക ശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്ക് കോടതി ജയിൽശിക്ഷ വിധിച്ചത്.    

click me!