ആലപ്പുഴ പ്രവചനാതീതം: പ്രളയവും ശബരിമലയും നിര്‍ണായകമായി, തുല്യ പ്രതീക്ഷയില്‍ മുന്നണികള്‍

By Web TeamFirst Published May 22, 2019, 10:38 AM IST
Highlights

പ്രളയ നാശനഷ്ടപരിഹാര വിതരണത്തിലെ അസംതൃപ്തിയും ശബരിമല വിഷയവും പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെങ്കിലും ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ ഇടത് ക്യാമ്പ്. 
 

ആലപ്പുഴ: പ്രളയ നാശനഷ്ടവും ശബരിമല യുവതീ പ്രവേശനവും ചര്‍ച്ചയായ ആലപ്പുഴ മണ്ഡലത്തില്‍ ജനവിധി പ്രവചനാതീതമാണ്. ഇരുമുന്നണിക്കും തുല്യ സാധ്യതയാണ് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രളയ നാശനഷ്ടപരിഹാര വിതരണത്തിലെ അസംതൃപ്തിയും ശബരിമല വിഷയവും പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെങ്കിലും ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ ഇടത് ക്യാമ്പ്. 

എന്നാല്‍ ന്യൂനപക്ഷ ഏകീകരണം തങ്ങള്‍ക്ക് അനുകൂലമാണെന്നും സ്ത്രീകള്‍ യുഡിഎഫിന് അനുകൂലമായി കൂട്ടത്തോടെ വോട്ട് ചെയ്തെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ കണക്കുകൂട്ടുന്നു. ആര് ജയിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അവസാന നിമിഷവും ആലപ്പുഴ.

ന്യൂനപക്ഷ വോട്ടുകള്‍ ആരിഫിലൂടെ എളുപ്പത്തില്‍ കൈക്കലാക്കാമെന്ന എല്‍ഡിഎഫ് മോഹം ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ ഇല്ലാതായി. എന്നാലും പ്രചാരണത്തിന്‍റെ തുടക്കത്തില്‍ കിട്ടിയ മേല്‍ക്കൈ അവസാന ദിവസം വരെ തുടരാന്‍ ആയി എന്നതാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. 

പ്രളയ നഷ്ടപരിഹാരത്തുകയുടെ വിതരണത്തില്‍ ഉണ്ടായ അപാകത സിപിഎമ്മിന്‍റെ പരമ്പരാഗത വോട്ടില്‍ വിള്ളലുണ്ടാക്കിയെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് അടിയുറച്ച സിപിഎം പ്രവര്‍ത്തകരായ ചില സ്ത്രീകളില്‍ പോലും അസ്വാരസ്യം ഉണ്ടാക്കിയതായും കുറച്ച് വോട്ടുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോയി എന്നും കീഴ്ഘടകങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇത്തവണ തങ്ങളുടെ സമുദായത്തില്‍ പെട്ട എംപിയെ വേണമെന്ന വര്‍ഗ്ഗീയ പ്രചാരണം ശക്തമായി ഉന്നയിച്ചെങ്കിലും വിജയമുറപ്പാണെന്ന് എ എം ആരിഫ് പറയുന്നു. 

ഇടതിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ കെസി വേണുഗോപാലിനുളള സ്വാധീനം ഷാനിമോള്‍ ഉസ്മാന് ഇല്ല എന്നതാണ് യുഡിഎഫ് ക്യാമ്പിന്‍റെ ആശങ്ക. കെസി വേണുഗോപാല്‍ മല്‍സരിക്കുമ്പോഴുള്ള ആവേശം പ്രവര്‍ത്തകരിലേക്ക് എത്തിക്കാനും പല ഘട്ടത്തിലും യുഡിഎഫിന് ആയിട്ടില്ല. പക്ഷേ ആരിഫിന് പ്രചരണത്തില്‍ ഉണ്ടായ മേല്‍ക്കൈ മറികടക്കാനായെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.

ന്യൂനപക്ഷ ഏകീകരണത്തിനൊപ്പം എന്‍എസ്എസ് വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമായെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിലുള്ളത്. അതേസമയം അരൂര്‍ എംഎല്‍എ എന്ന നിലയില്‍ ആരിഫ് നടത്തിയ മികച്ച പ്രവര്‍ത്തനം ഷാനിമോള്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!