തൃശൂര്‍ ആരെ തുണയ്ക്കും? ആത്മവിശ്വാസത്തില്‍ യുഡിഎഫ്, ജയം ഉറപ്പെന്ന് സിപിഎം, അട്ടിമറി കാത്ത് ബിജെപി

By Web TeamFirst Published May 22, 2019, 9:14 AM IST
Highlights

സുരേഷ് ഗോപിയുടെ വരവോടെയുണ്ടായ ഓളം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ മറികടക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. തൃശൂര്‍ ഒഴികയുളള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാനാകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടുന്നത്.

താര മണ്ഡലം കൂടിയായ, ത്രികോണമത്സരം നടന്ന തൃശൂരില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എക്സിറ്റ് പോളുകൾ നല്‍കിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപൻ. എന്നാൽ, ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. അതേസമയം അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

തൃശൂരില്‍ ആകെയുളള 13,30,000 വോട്ടുകളില്‍ പോള്‍ ചെയ്തത് 10,40,512 വോട്ടുകളാണ്. ഏകദേശം മൂന്നരലക്ഷം വോട്ടുകള്‍ പിടിക്കുന്നവര്‍ക്ക് ജയിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സുരേഷ് ഗോപിയുടെ വരവോടെയുണ്ടായ ഓളം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ മറികടക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. പുതുക്കാട്, നാട്ടിക എന്നിവിടങ്ങളില്‍ 20,000 ല്‍ താഴെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടുമെന്നാണ് യുഡിഎഫിന്‍റെ കണക്കൂകൂട്ടല്‍. എന്നാല്‍ മറ്റ് 5 മണ്ഡലങ്ങളിലും മുൻതൂക്കം ഉണ്ടാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍.

അതേസമയം തൃശൂര്‍ ഒഴികയുളള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാനാകുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ബിജെപിയ്ക്ക് ഏറ്റവും പ്രതീക്ഷ നല്‍കുന്നത്. ശബരിമല പ്രശ്നം പ്രചാരണ വിഷയമാക്കിയത് സ്ത്രീ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയതിന്‍റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനമെന്ന് ബിജെപി പറയുന്നു.

ഇതിലൂടെ നഗരത്തിലേതുള്‍പ്പെടെ യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ഉറച്ച വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി ചോര്‍ന്നിട്ടുണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുക്കാട് നിന്ന് കിട്ടിയ 35,000 ത്തിലധികം വോട്ട് ബി ജെ പി യ്ക്ക് ആത്മവിശ്വാസം നൽകുന്നു. മണലൂര്‍, ഗുരുവായൂര്‍, നാട്ടിക മണ്ഡ‍ലങ്ങലിലെ ന്യൂനപക്ഷ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും പോയിട്ടുണ്ടെങ്കിലും ചില മേഖലകളിലെ ക്രൈസ്തവ വോട്ടുകള്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഎപിക്ക് ലഭിച്ച 45000 വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്നതും നിര്‍ണായകമാണ്.
 

click me!