പ്രളയം തകര്‍ത്ത ചെങ്ങന്നൂരുകാര്‍ കാത്തിരിക്കുന്നു... സ്ഥാനാര്‍ത്ഥികളെ

By Web TeamFirst Published Mar 20, 2019, 6:41 PM IST
Highlights

പ്രളയക്കെടുതിയില്‍നിന്ന് ഇതുവരെയും കരകയറിയിട്ടില്ലാത്ത പാണ്ഡനാട്ടിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്സ്പ്രസ് നടത്തിയ യാത്രയില്‍ കണ്ടത് ദുരിതം പേറുന്ന നിരവധി മുഖങ്ങളാണ്. 

ചെങ്ങന്നൂര്‍: മാവേലിക്കര മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് പ്രളയം. കേരളം കണ്ട വലിയ പ്രളയത്തില്‍ ഏറ്റവുമധികം നാശമുണ്ടായ ചെങ്ങന്നൂരും കുട്ടനാടും മാവേലിക്കര മണ്ഡലത്തിലാണ്. പ്രളയക്കെടുതിയില്‍നിന്ന് ഇതുവരെയും കരകയറിയിട്ടില്ലാത്ത പാണ്ഡനാട്ടിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്സ്പ്രസ് നടത്തിയ യാത്രയില്‍ കണ്ടത് ദുരിതം പേറുന്ന നിരവധി മുഖങ്ങളാണ്. 

പ്രളയത്തില്‍ വീട് തകര്‍ന്നിട്ടും പലര്‍ക്കും ഇവിടെ സഹായമെത്തിയിട്ടില്ല. പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് സഹായമായി അടിത്തറ കെട്ടാന്‍ നല്‍കിയത് 450000 രൂപയാണ്. എന്നാല്‍ അടിത്തറയ്ക്ക് മാത്രം 75000 രൂപ ചെലവായെന്നാണ് ഇവര്‍ പറയുന്നത്. ഇനി രണ്ട് ഘടുക്കളായി 120000 രൂപയും 150000 രൂപയും നല്‍കും.

എന്നാല്‍ വീട് ഉയരുമ്പോഴേക്കും ഇത്രയും തുക മതിയാവില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ തന്നെ കയ്യിലുണ്ടായിരുന്നതെല്ലാം പണയം വച്ചുവെന്നും പ്രളയം ബാധിച്ചവര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ചെത്തുന്നവരോട് ചിലത് പറയാനുണ്ടെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. അധികൃതര്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ ആരും വന്നിട്ടില്ലെന്നും പാണ്ഡനാട്ടെ നാട്ടുകാര്‍ പറയുന്നു.  

എന്നാല്‍ കാര്‍ഷിക മേഖലയിലെ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കിയെന്നും മൃഗങ്ങള്‍ ചത്തതിന്‍റെയെല്ലാം പണം നല്‍കിയെന്നും വാഗ്ദാനം ചെയ്ത സഹായം ലഭിച്ചിട്ടില്ലെന്ന ആക്ഷേപത്തിന് മറുപടിയായി ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് തകര്‍ന്നവര്‍ക്ക് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പണം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇനിയും കുറച്ച് പേര്‍ക്ക് കൊടുക്കാനുണ്ട്. എല്ലാവരെയും സഹായിച്ചിട്ടുണ്ട്. ആരെങ്കിലും ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ അതും പരിഹരിക്കുമെന്നും സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്സ്പ്രസിനോട് പറഞ്ഞു. 

click me!