ഇക്കുറി ചൂണ്ടുവിരലല്ല: റീപോളിംഗിൽ മഷി പുരട്ടുന്ന വിരൽ മാറുമെന്ന് ടിക്കാറാം മീണ

By Web TeamFirst Published May 18, 2019, 6:19 PM IST
Highlights

സംസ്ഥാനത്ത് ഏഴ് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. കർശന സുരക്ഷാ നടപടികളാണ് റീപോളിംഗിന് വേണ്ടി ഒരുക്കിയിരിക്കുന്നത്

തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് റീപോളിംഗ് നടത്താൻ സംസ്ഥാനത്തെ ഏഴു ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുക്കും. കള്ളവോട്ട് തടയാൻ കർശന സുരക്ഷാ മുൻകരുതലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. മെയ് 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 

റീപോളിംഗ് നാളെ നടക്കാനിരിക്കെ ഇന്ന് പർദ്ദയുടെ പേരിൽ ആരംഭിച്ച വിവാദത്തിന് തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയാണ് ഫുൾ സ്റ്റോപ്പിട്ടത്. പർദ്ദ ധരിച്ചെത്തുന്നവരെ തിരിച്ചറിയാൻ നാട്ടിലെ ഒരു സ്ത്രീയെ ഇലക്ടറൽ അറ്റന്ററായി റിട്ടേണിങ് ഓഫീസർമാർ നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരു കാര്യത്തിൽ കൂടി മാറ്റമുണ്ട്. റീപോളിംഗിൽ വോട്ട് ചെയ്യുന്നവരുടെ ഇടതുകൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടുക. സാധാരണ ഇടതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടാറുള്ളത്. ഓപ്പൺ വോട്ട് ചെയ്താൽ വലതുകൈയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് നടത്താൻ തീരുമാനമെടുത്തത്.

കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബിൽഡിംഗ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത്,  കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69  പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവടങ്ങളിലാണ് റീ പോളിംഗ് നടത്തുന്നത്.

click me!