രണ്ടാം മോദി ക്യാബിനറ്റില്‍ 'പുതിയ മുഖങ്ങള്‍' എത്തും; കേരള മന്ത്രിമാരുടെ സാധ്യത ഇങ്ങനെ

By Web TeamFirst Published May 24, 2019, 11:30 AM IST
Highlights

വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് തുടരും എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി തളര്‍ത്തുന്നുണ്ടെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ സുഷമ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. 

ദില്ലി: രണ്ടാം മോദി സര്‍ക്കാര്‍ എന്നത് യാഥാര്‍ത്ഥ്യമാകുവാന്‍ ഇരിക്കെ മന്ത്രിസഭയില്‍ ആരൊക്കെ എന്ന ചര്‍ച്ച സജീവമാകുന്നു. മോദി 2.0 മന്ത്രിസഭയില്‍ നിലവിലുള്ള മുതിര്‍ന്ന അംഗങ്ങള്‍ പിന്‍വാങ്ങുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. പുതിയ മുഖങ്ങളെ മന്ത്രിസഭയില്‍ എത്തിക്കാനാണ് മോദി അമിത് ഷാ ടീമിന്‍റെ നീക്കം. ഗാന്ധി നഗറില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അമിത് ഷാ മോദി ക്യാബിനറ്റില്‍ അംഗമാകും എന്നാണ് സൂചന. ആഭ്യന്തര വകുപ്പായിരിക്കും അമിത് ഷാ കൈയ്യാളുക എന്നാണ് സൂചന. നിലവിലെ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രതിരോധം പോലെയുള്ള സുപ്രധാന വകുപ്പിലേക്ക് മാറാനാണ് സാധ്യത.

അതേ സമയം ധനമന്ത്രി സ്ഥാനത്ത് നിന്നും അരുണ്‍ ജയ്റ്റ്ലി മാറും എന്ന് അഭ്യൂഹങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയാണ് കാരണം. എന്നാല്‍ ഇത് പൂര്‍ണ്ണമായും അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. അരുണ്‍ ജയ്റ്റ്ലി മുന്‍പ് ചികില്‍സയ്ക്ക് പോയ സമയത്ത് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത പീയുഷ് ഗോയലായിരിക്കും ജെയ്റ്റ്ലി പിന്‍വാങ്ങിയാല്‍ ധനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. 

വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് തുടരും എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി തളര്‍ത്തുന്നുണ്ടെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ സുഷമ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. നേരത്തെ ആരോഗ്യ കാരണങ്ങളാല്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.  പ്രതിരോധ മന്ത്രിയും മോദിയുടെ വിശ്വസ്തയുമായ നിര്‍മ്മല സീതരാമന്‍ മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്ത് തുടരും എന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ച നിലവിലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായേക്കും. എന്നാല്‍ സ്മൃതിയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ട് സജീവമാണ്. സ്പീക്കര്‍ സ്ഥാനത്ത് സ്ത്രീകള്‍ തന്നെ വരണം എന്നാണ് ബിജെപിയുടെ താല്‍പ്പര്യം.

ബിജെപി ദേശീയ വക്തക്കളില്‍ ഒരാളായ രവിശങ്കര്‍ പ്രസാദ് പാറ്റ്ന സാഹിബില്‍ നിന്നും മികച്ച വിജയം നേടിയാണ് എത്തിയത്. മുന്‍പ് ബാജ്പേയി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം മോദിയുടെ ആദ്യസര്‍ക്കാറിലും മന്ത്രിയായിരുന്നു. ഇദ്ദേഹം പ്രധാന വകുപ്പിലേക്ക് എത്തും എന്നാണ് സൂചന. അതേ സമയം മറ്റു ചില പുതുമുഖങ്ങളും മന്ത്രിസഭയിലേക്ക് എത്തിയേക്കും. കേരളത്തില്‍ നിന്നും ഇപ്പോള്‍ മന്ത്രി സഭയിലുള്ള അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോ എന്ന് ഉറപ്പില്ല എന്നാണ് സൂചന. അതേ സമയം വി മുരളീധരന്‍, സുരേഷ് ഗോപി എന്നീ രാജ്യസഭ എംപിമാര്‍ ഉള്ളതിനാല്‍ ഇവര്‍ക്കും മന്ത്രിസഭയിലേക്ക് സാധ്യതയുണ്ട്. 

അതേ സമയം ബിജെപിയിലെ ന്യൂനപക്ഷ മുഖമായ മുഖ്താര്‍ അബ്ബാസ് നഖ്വി ഇത്തവണ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ന്നേക്കും. ജെപി നദ്ദയും മികച്ച വകുപ്പിലേക്ക് വരും. അതേ സമയം അമിത് ഷാ കേന്ദ്രമന്ത്രിയാകുന്നതോടെ ഒഴിവുവരുന്ന ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും എന്നത് ചോദ്യമായി ഉയരുന്നുണ്ട്. അതേ സമയം ബിജെപിയുടെ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മികച്ച സ്ഥാനം നല്‍കിയേക്കും എന്നാണ് സൂചന.

click me!