
എറണാകുളം: സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എം പി കെ വി തോമസിന്‍റെ അസാന്നിദ്ധ്യത്തിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. കേരള കോൺഗ്രസ്സിലെ രൂക്ഷമായ ഭിന്നതകൾക്ക് ശേഷം പി ജെ ജോസഫും, ജോസ് കെ മാണിയും ആദ്യമായി വേദി പങ്കിട്ട അവസരം കൂടിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. പ്രസംഗത്തിനിടയിൽ പി ജെ ജോസഫ് മാത്രമാണ് കെ വി തോമസ്സിന്‍റെ പേര് പരാമർശിച്ചത്.
ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോൺഗ്രസ്സ് നേതാക്കന്മാർ, ഘടകക്ഷികളുടെ മുതിർന്ന നേതാക്കൾ,കോൺഗ്രസ്സിൽ ഗ്രൂപ്പിന്‍റെ പേരിൽ സീറ്റിനായി കൊണ്ട് പിടിച്ച തർക്കം നടക്കുന്നതിനിടയിൽ യുഡിഎഫിന്‍റെ ശക്തിപ്രകടന വേദിയായി എറണാകുളത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ.തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ മുരളീധരനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഓരോ നേതാക്കളും കത്തിക്കയറുന്നു.ഇതിനിടയിൽ ശ്രദ്ധിക്കപ്പെട്ടത് മണ്ഡലത്തിലെ സിറ്റിംഗ് എം പി യുടെ അസാന്നിദ്ധ്യം. തർക്കം അയഞ്ഞെങ്കിലും കെ വി തോമസ് ദില്ലിയിൽ തന്നെ തുടരുകയാണ്.പ്രസംഗത്തിനിടയിൽ നിലവിലെ എം പിയുടെ വികസന പ്രവർത്തനങ്ങളും കാര്യമായി ആരും എടുത്ത് പറഞ്ഞതുമില്ല. പ്രവർത്തകർക്ക് പക്ഷേ ഇതൊന്നും കല്ലുകടിയായില്ല.
വഴിപിരിയലിന്‍റെ വക്കോളമെത്തിയ പി ജെ ജോസഫും,ജോസ് കെ മാണിയും ഒരു കൈ അകലത്തിൽ വേദിയിലിരുന്നു. നീണ്ട അഭിപ്രായഭിന്നതകൾക്ക് ശേഷം കണ്ട കുശലാന്വേഷണവും, ഷേക്ക് ഹാൻഡും വേദിയിലെ കൗതുകമായി.സീറ്റ് നിഷേധത്തിൽ മുറിവേറ്റ പി ജെ ജോസഫ് മാത്രമാണ് കെ വി തോമസ്സിനെ ഓർത്ത് പറഞ്ഞത്.
പിതാവ് ജോർജ്ജ് ഈഡന്‍റെ ജന്മദേശമായ മൂലമ്പിള്ളി ചേന്നൂരിലെ പ്രവർത്തകരാണ് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള പണം ഹൈബി ഈഡന് നൽകിയത്.