പണ്ട് പുറത്താക്കിയ ബിഎസ്എഫ് ജവാൻ ഇന്ന് മോദിക്കെതിരെ, വാരാണസിയിൽ തന്ത്രം മാറ്റി മഹാസഖ്യം

By Web TeamFirst Published Apr 29, 2019, 3:41 PM IST
Highlights

എന്നാൽ ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി- ബിഎസ്പി സഖ്യം തേജ് ബഹാദൂർ യാദവിനെ രംഗത്തിറക്കുന്നത്. 

ലഖ്നൗ: ബിഎസ് എഫ് ജവാൻമാർക്ക് മോശം ഭക്ഷണം വിളമ്പിയത് വിമർശിച്ചതിന്‍റെ പേരിൽ സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂർ യാദവ് വാരണസിയിൽ നരേന്ദ്രമോദിക്കെതിരെ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാകും.

ബിഎസ്എഫ്  കോൺസ്റ്റബിളായിരിക്കവെയാണ് തേജ് ബഹാദൂർ ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ രംഗത്തെത്തിയത്. സഹപ്രവർത്തകർക്ക് മോശം ഭക്ഷണം വിളമ്പുന്നതിന്‍റെ വീഡിയോ സമൂദ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തേജ് ബഹാദൂറിനെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സ‍ർവ്വീസിൽ നിന്ന് പരിച്ചിവിടുകയായിരുന്നു. 2017 ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.

വാരണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ ജനവിധി തേടാൻ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂർ പറഞ്ഞത്.

നേരെത്തെ ഏപ്രിൽ 22 ന് ശാലിനി യാദവിനെ വാരണസിയിലെ സംയുക്ത സ്ഥാനാർത്ഥിയായി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി- ബിഎസ്പി സഖ്യം തേജ് ബഹദൂർ യാദവിനെ രംഗത്തിറക്കുന്നത്. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.

click me!