അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് നാളെ; ചുമതല മുതിർന്ന ഉദ്യോഗസ്ഥർക്ക്

By Web TeamFirst Published Apr 29, 2019, 3:25 PM IST
Highlights

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക.

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിൽ റീപോളിംഗ് നാളെ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച പശ്ചാത്തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല. ഉച്ചയ്ക്ക് കളക്ട്രേറ്റിൽ നിന്ന് പോളിംഗ് സാമഗ്രികള്‍ ശേഖരിച്ച് വൈകുന്നേരത്തോടെ ബൂത്ത് പ്രവർത്തന സജ്ജമാകും.

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് നടക്കുക. സംസ്ഥാനത്ത് റീ പോളിംഗ് നടക്കുന്ന ഒരേയൊരു ബൂത്താണ് ഇത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമായിരുന്നു രണ്ടാം വട്ടമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തിൽ വോട്ട് കുറയാതിരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും രംഗത്തുണ്ട്. 

റീപോളിംഗിന് ആലുവ തഹസിൽദാർ പ്രിസൈഡിംഗ് ഓഫീസര്‍ക്കാകും ചുമതല. ജില്ലയിലെ പോളിംഗ് ഓഫീസർമാരുടെ പരിശീലകരായിരുന്ന മാസ്റ്റർ ട്രെയിനേഴ്സാകും മറ്റ് മൂന്ന് ഉദ്യോഗസ്ഥർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിൽ നിന്ന് പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. ഇവ ഉച്ചയോടെ കടുങ്ങല്ലൂരിലെത്തിച്ച് വൈകുന്നേരത്തോടെ 83 ആം നമ്പർ ബൂത്ത് പ്രവർത്തന സജ്ജമാകും. അതിനിടെ അവസാനലാപ്പിൽ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ മുന്നണികളും തുടരുകയാണ്. സജീവ പ്രചാരണം നടത്തിയതിനാൽ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിംഗ് ശതമാനം കൂടുമെന്നും മുന്നണികള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു. 

ആകെയുള്ള 187 വീടുകളിലായി 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 വോട്ടർമാരാണ് വോട്ട് ചെയ്തത്. എന്നാൽ പോൾ ചെയ്തതിൽ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്ന് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.  മോക്ക് പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പോളിംങ്ങ് തുടങ്ങും മുമ്പ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ വിട്ടു പോയതായിരുന്നു ഇതിന് കാരണം. തുടർന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ്.

click me!