കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട്; റീപോളിംഗ് വേണമെന്ന് യുഡിഎഫ്, കളക്ടർക്ക് പരാതി നൽകി

By Web TeamFirst Published Apr 29, 2019, 11:50 AM IST
Highlights

കാസർകോട് ജില്ലയിൽ 110 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് കോണ്‍ഗ്രസ്. ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും കോണ്‍ഗ്രസ്.

കാസർകോട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണം ഉയരുന്ന കാസർകോട് ജില്ലയിലെ  110 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്.  ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് യുഡിഎഫിന്‍റെ തീരുമാനം. 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. 

കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്‍റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.

ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു കോൺഗ്രസ് ആരോപണമുന്നയിച്ചത്. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി - വ്യവസായി പ്രതിനിധികൾ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാൽ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. 

Also Read: 'സ്ലിപ്പുകൾ കീറി എറിഞ്ഞു, ബൂത്തിൽ നിന്ന് പുറത്താക്കി', പിലാത്തറയിലെ യുഡിഎഫ് ബൂത്ത് ഏജന്‍റ് പറയുന്നു

അതേസമയം, കള്ളവോട്ട് ആരോപണം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. കോൺഗ്രസ് ഉന്നയിച്ച കള്ളവോട്ട് ആരോപണത്തിൽ കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

അതിനിടെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് ദൃശ്യങ്ങൾ സഹിതം ആരോപണം കോൺഗ്രസ് ആവര്‍ത്തിക്കുകയാണ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 172-ാം നമ്പർ ബൂത്തിൽ വിദേശത്തുള്ളവരുടെയടക്കം  25 കള്ളവോട്ടുകൾ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ പോളിംഗ് ഏജന്‍റ് നാരായണന്‍റെ ആരോപണം. 

Also Read: കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്തു വിട്ടു

click me!