കാര്‍ഷിക പ്രശ്നങ്ങള്‍ നേരിടുന്ന മേഖലകളും തൂത്തുവാരി ബിജെപി

By Web TeamFirst Published May 24, 2019, 3:41 PM IST
Highlights

ഉത്തര്‍ പ്രദേശില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ രൂക്ഷമായ സീറ്റുകളില്‍ ബിജെപി വിജയിച്ചു. പ്രത്യേകിച്ച് പടിഞ്ഞാറന്‍ യുപിയിലെ സീറ്റുകളില്‍. യുപിയില്‍ ബിജെപി ആകെ നേടിയത് 62 സീറ്റുകളാണ്. ദക്ഷിണ യുപിയിലെ വരള്‍ച്ച ബാധിച്ച ബുന്‍ഡേല്‍ഗണ്ഡ് അടക്കമുള്ള സീറ്റുകളില്‍ ബിജെപി വിജയിച്ചു. 

ദില്ലി: ഇന്ത്യയില്‍ ശക്തമായ കര്‍ഷകരോഷം നിലനില്‍ക്കുന്നു എന്ന് പറയുന്ന മേഖലകളിലും ബിജെപി മുന്നേറ്റം നടത്തിയെന്ന് കണക്കുകള്‍. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ബിജെപിക്കെതിരെ പ്രയോഗിച്ച ഏറ്റവും വലിയ ആരോപണമായിരുന്നു കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍. ഇതിനെ അതിജീവിച്ച് രൂക്ഷമായ കാര്‍ഷിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തെ 206 സീറ്റുകളില്‍  181 ഉം ബിജെപി നേടിയെന്നാണ് ഇന്ത്യ സ്പെന്‍ഡ്.കോമിന്‍റെ കണക്കുകള്‍ പറയുന്നത്. 

കഴിഞ്ഞ നവംബറില്‍ 200 കാര്‍ഷിക സംഘടനകള്‍ ദില്ലിയില്‍ കാര്‍ഷിക പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാനും, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുമുള്ള പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം വിളിക്കണം എന്നായിരുന്നു ആവശ്യം. ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റില്‍ കര്‍ഷക സമ്മാന്‍ പ്രഖ്യാപിച്ചാണ് മോദി ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ചില നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ‍് എന്നിവിടങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് കോണ്‍ഗ്രസിനും കര്‍ഷകരുടെ വോട്ട് ലഭിക്കും എന്ന് പ്രതീക്ഷയാണ് നല്‍കിയത്.

എന്നാല്‍ കണക്കുകള്‍ വ്യത്യസ്തമാണ്. ഉത്തര്‍ പ്രദേശില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ രൂക്ഷമായ സീറ്റുകളില്‍ ബിജെപി വിജയിച്ചു. പ്രത്യേകിച്ച് പടിഞ്ഞാറന്‍ യുപിയിലെ സീറ്റുകളില്‍. യുപിയില്‍ ബിജെപി ആകെ നേടിയത് 62 സീറ്റുകളാണ്. ദക്ഷിണ യുപിയിലെ വരള്‍ച്ച ബാധിച്ച ബുന്‍ഡേല്‍ഗണ്ഡ് അടക്കമുള്ള സീറ്റുകളില്‍ ബിജെപി വിജയിച്ചു. ഹമീര്‍ പൂര്‍, ബന്‍ഡാ, ജാന്‍ത്സി, ജലൂന്‍ തുടങ്ങിയ വരള്‍ച്ച ബാധിത പ്രദേശങ്ങളിലും ജയം ബിജെപിക്കാണ്. 

മധ്യപ്രദേശില്‍ 29 ല്‍ 23 ഉം കാര്‍ഷിക പ്രശ്നങ്ങളാല്‍ ഉഴലുന്ന മണ്ഡലങ്ങളാണ്. അഞ്ച് മാസം മുന്‍പ് മൂന്ന് തവണ ഇവിടെ ഭരണം നേടിയ ബിജെപി സര്‍ക്കാര്‍ താഴെ വീഴാനും ഈ കര്‍ഷക രോഷം ചെറിയ പങ്കുവഹിച്ചിട്ടുണ്ട്. ജൂണ്‍ 2017 ല്‍ അഞ്ച് കര്‍ഷകര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മന്ദസൂരില്‍ ബിജെപിയുടെ സുദീര്‍ ഗുപ്തയാണ് ജയിച്ചത് 376,734 ആണ് ഭൂരിപക്ഷം. നിലവിലുള്ള എംപിയും ഇദ്ദേഹമാണ്. 

മഹാരാഷ്ട്രയിലേക്ക് വന്നാല്‍ ബിജെപി 48 സീറ്റില്‍ 23ഉം, ശിവസേന 18 സീറ്റും വിജയിച്ചു. കര്‍ണ്ണാടകയില്‍ ബിജെപി 28 ല്‍ 25 സീറ്റും വിജയിച്ചു.  ഈ രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടി രൂപീകരിച്ച ശേഷം നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണ് ഇത്. മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം. രണ്ടാമത് കര്‍ണ്ണാടകയാണ്.

മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശം 2015 ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിട്ടത്. നിലവിലും അതിന് സമാനമായ അവസ്ഥയിലുമാണ്. എന്നാല്‍ ഈ മേഖലയില്‍ ബിജെപി ജയിച്ചത് 168,368 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. 
 

click me!