കാ‍ർഷിക പ്രതിസന്ധിയിൽ മനം മടുത്ത് രാജസ്ഥാൻ ജനത; പ്രതീക്ഷയിൽ കോൺഗ്രസ്

By Web TeamFirst Published May 5, 2019, 7:26 AM IST
Highlights

തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളാണ് കഴിഞ്ഞ ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയത്

ജയ്‍പൂർ: തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും തന്നെയാണ് ഇത്തവണയും രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ പ്രധാന ചര്‍ച്ചയാകുന്നത്. കര്‍ഷകരുടെ പ്രതിഷേധങ്ങളെ ബാലക്കോട്ടും പുൽവാമയും ഉയര്‍ത്തി മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജസ്ഥാനിൽ ബാക്കിയുള്ള 12 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.

പൊള്ളുന്ന ചൂടിൽ രാജസ്ഥാനിലെ പാടങ്ങളിൽ സവാള വിളവെടുക്കുകയാണ്. വലിയ സന്തോഷമൊന്നും കര്‍ഷകര്‍ക്കില്ല. കിലോക്ക് ആറുരൂപയിൽ താഴെയാണ് സവാളക്ക് കിട്ടുന്ന വില. കാര്‍ഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഈ കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.

തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളാണ് കഴിഞ്ഞ ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രഭാവം ലോക്സഭയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. തൊഴിലില്ലായ്മയും കാര്‍ഷിക-കുടിവെള്ള പ്രശ്നങ്ങളും ചര്‍ച്ചയാകുമ്പോൾ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പുൽവാമയും തന്നെയാണ് ബിജെപിക്ക് ആയുധം. 2014ൽ 25ൽ 25 സീറ്റും നേടിയ ബിജെപിക്ക് ഇത്തവണ ആ തരംഗം ആവര്‍ത്തിക്കാൻ സാധിച്ചേക്കില്ല.  പല മണ്ഡലങ്ങളിലും കോൺഗ്രസ് ശക്തമായ സാന്നിധ്യമാണ്. പോരാട്ടം ശക്തമാകുമെന്നുറപ്പാണ്. 

click me!