Latest Videos

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? തീരുമാനം ഇന്നോ നാളെയോ

By Web TeamFirst Published Mar 24, 2019, 5:53 AM IST
Highlights

അതേ സമയം രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കോൺഗ്രസിൽ തന്നെ ഒരു വിഭാഗം എതിർക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നാണ് ഈ വിഭാഗത്തിന്‍റെ വിലയിരുത്തൽ. 
 

വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വൈകുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നലെ ഉണ്ടായേക്കുമെന്ന് അദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ ഇന്നോ നാളെയോ  അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിനിടെ രാഹുൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കർണാടകത്തിൽ 20ൽ 18 സീറ്റുകളിലും ഇന്നലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് ഒഴിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ, തമിഴ്നാട്ടിലെ ശിവഗംഗ സീറ്റിൽ മാത്രമാണ് കോൺഗ്രസ് ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. 

അതേസമയം രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ കോൺഗ്രസിൽ തന്നെ ഒരു വിഭാഗം എതിർക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നാണ് ഈ വിഭാഗത്തിന്‍റെ വിലയിരുത്തൽ. 

എന്നാൽ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ രാത്രി വൈകി കോൺഗ്രസിന്‍റെ എട്ടാം സ്ഥാനാ‍ർത്ഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ നേതാക്കൾ പ്രതീക്ഷയിലാണ്.

രാഹുലിനെ സ്വാഗതം ചെയ്ത് വയനാട് ലോക്സഭ മണ്ഡലം കൺവെൻഷൻ പ്രമേയം പാസ്സാക്കി. രാഹുലിനായി സീറ്റൊഴിഞ്ഞ കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി.സിദ്ദിഖാണ് പ്രമേയം അവതരിപ്പിച്ചത്.

വയനാട്, മലപ്പുറം ഡിസിസികൾ പ്രമേയത്തെ പിന്തുണച്ചു. രാഹുലിനെ അനുകൂലിച്ച് മുക്കത്ത് റോഡ് ഷോയും സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും.

click me!