
വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തിൽ നിലയുറപ്പിച്ചു.
നേതാക്കൾ ഇടപെട്ട് ആവേശഭരിതരായ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷം ഒഴിവാക്കാൻ കർശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.