അയ്യപ്പനെ സ്ഥാനാര്‍ഥിയാക്കി ബിജെപി വോട്ടു പിടിക്കുന്നു, രാഹുല്‍ കേരളത്തില്‍ വന്നതോടെ ചീത്തയായി: സുധാകരന്‍

By Web TeamFirst Published Apr 13, 2019, 1:53 PM IST
Highlights

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ വഴി തെറ്റിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാരെ കൊണ്ട് മാത്രം രാഹുല്‍ പ്രധാനമന്ത്രിയാവാതിരിക്കും. രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതോടെ ചീത്തയായെന്നും ഇമേജ് പോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന തരത്തിലാണ് ബിജെപി കേരളത്തില്‍ വോട്ടു പിടിക്കുന്നതെന്ന്  പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. അയ്യപ്പൻ സ്ഥാനാർത്ഥി എന്ന നിലയിലാണ് ബിജെപി വോട്ടുപിടിക്കുന്നത്. ദൈവം ഇവിടെ സ്ഥാനാർത്ഥിയല്ല. ഈ രീതിയിലുള്ള പ്രചാരണം ഭരണഘടനാ ലംഘനമാണെന്നും അയ്യപ്പനെ രാഷ്ട്രീയവൽക്കരിച്ചാൽ ബിജെപിക്ക് അത് തിരിച്ചടിയാവുമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. 

കോണ്‍ഗ്രസ് ഭരണപരാജയത്തിന്‍റെ സൃഷ്ടിയാണ് നരേന്ദ്ര മോദി. കമ്മ്യൂണിസ്റ്റുകാരെ പിണക്കിയും വേദനിപ്പിച്ചും ഒരിക്കലും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാനാവില്ല. പാർലമെന്‍റില്‍ അങ്ങോട്ടും ഇങ്ങോട്ടും ചോർ ഹേ വിളിച്ച് കളിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.  കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ വഴി തെറ്റിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസുകാരെ കൊണ്ട് മാത്രം രാഹുല്‍ പ്രധാനമന്ത്രിയാവാതിരിക്കും. രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതോടെ ചീത്തയായെന്നും ഇമേജ് പോയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ഭരിക്കാന്‍ വേണ്ടി സിപിഎം ഒരിക്കലും വോട്ട് തേടിയിട്ടില്ല.  

നരേന്ദ്രമോദിയെ പേടിയായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത്. മോദിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോഴും രാഹുല്‍ സ്വയം വിമര്‍ശനം നടത്തുന്നില്ല. ബോഫോഴ്സും തെറ്റായി പോയെന്ന് എന്തു കൊണ്ട് രാഹുല്‍ പറയുന്നില്ല. മോദി മാത്രമല്ല കോണ്‍ഗ്രസും അഴിമതിയാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ സഹായിച്ചവരാണ് കോൺഗ്രസ്സുകാരെന്നും ഇതൊക്കെ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 

ആലപ്പുഴ ജില്ലയില്‍ ബിജെപിക്ക് ഒരു ലക്ഷം വോട്ടുകളുണ്ടായിരുന്നു. അതില്‍ അറുപതിനായിരം വോട്ടും അവര്‍ പണ്ട് കെസി വേണുഗോപാലിന് മറിച്ചു കൊടുത്തു. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ദയനീയ തോൽവി ഏറ്റുവാങ്ങുന്നത് കെ സുരേന്ദ്രനായിരിക്കും. ഈ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചെയ്യാന്‍ എന്‍എസ്എസ് പറഞ്ഞിട്ടില്ല. 

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആവര്‍ത്തിച്ച ജി.സുധാകരന്‍  മുസ്ലീം ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന എസ്.രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. താന്‍ ഇപ്പോള്‍ അതിനെക്കുറിച്ച് പറയേണ്ട സമയമല്ല ഇതെന്നായിരുന്നു ജി.സുധാകരന്‍റെ മറുപടി. 

click me!