മോദിക്ക് പകരം നിതിന്‍ ഗഡ്കരി വരുമോ? ഉത്തരം ഇതാ

By Web TeamFirst Published Mar 1, 2019, 12:53 PM IST
Highlights

ബിജെപിയില്‍ അമിത് ഷാ-മോദി ദ്വയത്തിന് മറുവാക്കിലായതോടെയാണ് പലരും പരോക്ഷമായും അല്ലാതെയും നിതിന്‍ ഗഡ്കരിയെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍

ദില്ലി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം ബിജെപി നിതിന്‍ ഗഡ്കരിയെ തല്‍സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന് പല തലങ്ങളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി വീണ്ടും 2019ല്‍  അധികാരത്തിലെത്തണമെങ്കില്‍ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് ആര്‍എസ്എസ് നേതൃത്വത്തിന് കത്തും അയച്ചിരുന്നു.

ബിജെപിയില്‍ അമിത് ഷാ-മോദി ദ്വയത്തിന് മറുവാക്കിലായതോടെയാണ് പലരും പരോക്ഷമായും അല്ലാതെയും നിതിന്‍ ഗഡ്കരിയെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണെന്ന് ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലും ആദര്‍ശത്തിലും രാജ്യം പുരോഗതിയിലേക്ക് പോകുകയാണ്. ഞങ്ങള്‍ എല്ലാവരും മോദിക്ക് പിന്നില്‍ അണിനിരക്കുന്നുണ്ട്.

അദ്ദേഹത്തിന്‍റെ വീക്ഷണം സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ ആണ് താന്‍. മോദിയാണ് പ്രധാനമന്ത്രി, അടുത്ത തവണയും അദ്ദേഹം തന്നെയായിരിക്കും ആ സ്ഥാനത്ത്. പ്രധാനമന്ത്രിയാകാനുള്ള മത്സരയോട്ടത്തില്‍ താനില്ല. അത് തന്‍റെ സ്വപ്നത്തില്‍ പോലുമില്ലെന്നും ഗഡ്കരി പറഞ്ഞു.

നേരത്തെ, നിതിന്‍ ഗ‍ഡ്കരി നടത്തിയ ചില പരാമര്‍ശങ്ങള്‍ മോദിക്കെതിരായ വിമര്‍ശനങ്ങളായി മാറിയിരുന്നു. ബിജെപിയെ തന്‍റേടമുള്ള ഏക നേതാവ് ഗഡ്കരി ആണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പറയുന്ന സാചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. 

click me!