കോഴിക്കോട് കനത്ത പോളിംഗ്: പ്രതീക്ഷയോടെ മുന്നണികള്‍

By Web TeamFirst Published Apr 23, 2019, 4:13 PM IST
Highlights

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംകെ രാഘവന് വലിയ ലീഡ് ലഭിച്ചത് കോഴിക്കോടിന്‍റെ ഗ്രാമീണ മേഖലകളിലാണ് ഈ ട്രെന്‍ഡ് ഈ വര്‍ഷവും ആവര്‍ത്തിക്കും എന്നതിന്‍റെ സൂചനയാണ് ഗ്രാമമേഖലകളിലെ മികച്ച പോളിംഗ് എന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന മൂന്ന് മുന്നണികളുടേയും പ്രതീക്ഷ ഉണര്‍ത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സമയം 53 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ ഇക്കുറി 58 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.  

കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളി, കുന്ദമംഗലം, ബാലുശ്ശേരി, എലത്തൂര്‍, എന്നീ ഗ്രാമമേഖലകളിലും കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ എന്നീ നഗരകേന്ദ്രീകൃത മണ്ഡലങ്ങളിലും ഒരേ പോലെ കനത്ത പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് വന്ന കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് കൊടുവള്ളിയിലാണ്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംകെ രാഘവന് വലിയ ലീഡ് ലഭിച്ചത് കോഴിക്കോടിന്‍റെ ഗ്രാമീണ മേഖലകളിലാണ് ഈ ട്രെന്‍ഡ് ഈ വര്‍ഷവും ആവര്‍ത്തിക്കും എന്നതിന്‍റെ സൂചനയാണ് ഗ്രാമമേഖലകളിലെ മികച്ച പോളിംഗ് എന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാല്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ പ്രദീപ് കുമാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് നഗരമേഖലയിലെ മികച്ച പോളിംഗിലൂടെ തെളിയുന്നതെന്ന് ഇടതുനേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ല ശബരിമല വിഷയത്തില്‍ വ്രണപ്പെട്ട വിശ്വാസികളുടെ വികാരമാണ് പോളിംഗില്‍ തെളിയുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. 
 

click me!