
ഏറനാട്: വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞത് യുഡിഎഫ് ക്യാംപില്‍ അങ്കലാപ്പ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വന്‍ഭൂരിപക്ഷം നല്‍കിയ ഏറനാട്, വണ്ടൂര്‍,നിലമ്പൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലാണ് പോളിംഗ് പ്രതീക്ഷയ്ക്ക് ഒത്തു ഉയരാഞ്ഞത്.
വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫും കെപിസിസിയും പ്രതീക്ഷിക്കുന്നത്. അതില്‍ പകുതിയിലേറെ വോട്ടും മലപ്പുറം ജില്ലയിലെ ഈ മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി കിട്ടും എന്നായിരുന്നു യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. വയനാട്ടില്‍ ഭൂരിപക്ഷം കുറഞ്ഞാലും ഇപ്പുറത്ത് അധികം വോട്ടു നേടി അതിനെ മറികടക്കാം എന്നതായിരുന്നു തന്ത്രം.
എന്നാല്‍ പോളിംഗ് സമയം എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് പ്രതീക്ഷകള്‍ക്ക് നേരെ വിപരീതമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് ഇന്ന് രാവിലെ മുതല്‍ രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഉച്ചയോടെ തന്നെ പോളിംഗ് 50 ശതമാനം കടന്നു. കല്‍പറ്റയിലും മാനന്തവാടിയും ഇതു തന്നെയായിരുന്നു അവസ്ഥ.
ഇരുപത് വര്‍ഷത്തെ ഏറ്റവും മികച്ച പോളിംഗ് വയനാട്ടില്‍ രേഖപ്പെടുത്തിയപ്പോള്‍ നേരെ വിപരീതമാണ് മലപ്പുറം ജില്ലയിലെ അവസ്ഥ. രാവിലെ മുതല്‍ മന്ദഗതിയിലാണ് മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലേയും പോളിംഗ്. വയനാട് ജില്ലയിലെ പോളിംഗ് ശതമാനം 60 കഴിഞ്ഞെങ്കിലും ഏറനാട്, 56.82, വണ്ടൂര്‍, 56.45 ,നിലമ്പൂര്‍ 59.52 എന്നിങ്ങനെയാണ് മലപ്പുറം മണ്ഡലങ്ങളിലെ പോളിംഗ് നിലവാരം.
അപകടം മണത്തെ മലപ്പുറം ഡിസിസി പ്രശ്നത്തില്‍ പരമാവധി പേരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വോട്ട് ചെയ്യാത്തവരെ ബൂത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.