2014ൽ ജനം മോദിയെ പരീക്ഷിച്ചു; അത് വിജയമായെന്ന് കണ്ടപ്പോൾ വീണ്ടും അവസരം നൽകി: അമിത്ഷാ

By Web TeamFirst Published May 25, 2019, 9:14 PM IST
Highlights

"ജനങ്ങൾ നരേന്ദ്രമോദിയെ വിശ്വസിച്ചു. ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിലാകെ പ്രാവ‍ർത്തികമാകുമെന്ന് ജനതയ്ക്കറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് അവ‍ർ വീണ്ടും മോദിയെ തെരഞ്ഞെടുത്തത്" അമിത് ഷാ

ദില്ലി: എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്ത ചടങ്ങിൽ മോദിയെ പ്രകീർത്തിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ.  2014ൽ നരേന്ദ്ര മോദിയെ ജനങ്ങൾ പരീക്ഷിച്ചു. പരീക്ഷണം വിജയമെന്ന് കണ്ട ജനം വീണ്ടും മോദിയ്ക്ക് തന്നെ അവസരം നല്കിയെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയിലെ മുൻ സർക്കാരുകൾ തീവ്രവാദത്തെ അതിന്‍റെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നും മോദി സ‍ർക്കാരിന്‍റെ കീഴിലാണ് ഇവിടത്തെ ജനതയ്ക്ക് ആദ്യമായി തീവ്രവാദത്തിനെതിരെ ശക്തമായി നിൽക്കുന്ന ഒരു നേതാവ് തങ്ങൾക്കുണ്ടെന്ന ആത്മധൈര്യം കൈവന്നതെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ സ‍ർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളാണ് വീണ്ടും മോദി സ‍ർക്കാരിനെ തെരഞ്ഞെടുക്കുവാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. അല്ലാതെ ജാതി മത രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 

"ഇരുപത് വ‍ർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും മോദി അവധിയെടുത്തിട്ടില്ല. അദ്ദേഹത്തെ ഒരിക്കൽ പോലും ഞാൻ അലസനായി കണ്ടിട്ടില്ല. ദിവസവും 18 മണിക്കൂറാണ് നമ്മുടെ പ്രധാനമന്ത്രി ജോലിയെടുക്കുന്നത്. ജനങ്ങൾ നരേന്ദ്രമോദിയെ വിശ്വസിച്ചു. ഗുജറാത്ത് മോഡൽ വികസനം ഇന്ത്യയിലാകെ പ്രാവ‍ർത്തികമാകുമെന്ന് ജനതയ്ക്കറിയാമായിരുന്നു. അതു കൊണ്ട് തന്നെയാണ് അവ‍ർ വീണ്ടും മോദിയെ തെരഞ്ഞെടുത്തത്" അമിത് ഷാ പറഞ്ഞു.

click me!