ബിഹാറിൽ മഹാസഖ്യത്തിന്‍റെ സീറ്റ് വീതംവയ്പ്പിൽ ധാരണയായി; കനയ്യകുമാറിന് സീറ്റില്ല

By Web TeamFirst Published Mar 22, 2019, 7:33 PM IST
Highlights

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തിൽ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

ദില്ലി: ബിഹാറിൽ മഹാസഖ്യത്തിന്‍റെ സീറ്റ് വീതംവയ്പ്പിൽ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. കനയ്യകുമാര്‍ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തിൽ ഉള്‍പ്പെടുത്തിയില്ല.

ശരദ് യാദവിന്‍റെ ലോക് താന്ത്രിക് ജനതാദളിന് സീറ്റില്ല. പകരം ശരദ് യാദവ് ആര്‍ജെഡി ചിഹ്നത്തിൽ ലോക്സഭയിലേയ്ക്ക്  മൽസരിക്കുമെന്നാണ് ധാരണ. എൻഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ ആര്‍എൽഎസ്പിക്ക് അഞ്ചു സീറ്റ് കിട്ടി. ജിതിൻ റാം മാഞ്ചിയുടെ എച്ച് എ എമ്മിനും വികാസ് ശീൽ ഇന്‍സാൻ പാര്‍ട്ടിക്കും മൂന്നു വീതം സീറ്റും കിട്ടി.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാസഖ്യത്തിൽ സീറ്റ് വീതം വയ്പില്‍ തീരുമാനമായത്. ആദ്യം 15 സീറ്റ് ചോദിച്ച കോണ്‍ഗ്രസിന് 9 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20 സീറ്റ് കിട്ടിയെങ്കിലും ആര്‍ ജെ ഡിക്ക് അതിൽ ഒരു സീറ്റ് സി പിഐ എം എല്ലിന് കൊടുക്കണമെന്നാണ് ധാരണ. 

സീറ്റിനായി അവസാന നിമിഷം വരെ മഹാസഖ്യവുമായി സിപിഐ ചര്‍ച്ച നടത്തി. എന്നാൽ സീറ്റ് കിട്ടിയില്ല. സിപിഐ സ്ഥാനാര്‍ഥിയായ ജെ എൻയു മുന്‍ വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാര്‍ ബെഗു സരായിയിൽ മഹാസഖ്യത്തിന്‍റെ പിന്തുണ പ്രതീക്ഷിച്ചിരുന്നു.
 

click me!