ചൗകിദാറിനെ നേരിടാന്‍ ബെര്‍ജോഗാര്‍; പോരാടാനുറച്ച് ഹാര്‍ദിക് പട്ടേല്‍

By Web TeamFirst Published Mar 19, 2019, 9:58 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ചൗകിദാര്‍' ക്യാമ്പയിനെ നേരിടാന്‍ 'ബെര്‍ജോഗാര്‍' ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക്.

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് കളത്തില്‍ ബിജെപി-കോണ്‍ഗ്രസ് പ്രചാരണയുദ്ധം മുറുകുന്നതിനിടെ പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ നേരിടാന്‍ ബെര്‍ജോഗാര്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക്.

ബെര്‍ജോഗാര്‍ എന്നാല്‍ തൊഴില്‍രഹിതന്‍ എന്നാണ് അര്‍ത്ഥം. രാഹുല്‍ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പയിന്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. മോദിയെ പിന്തുണച്ച് ആയിരക്കണക്കിന് ആളുകളാണ് ചൗകിദാര്‍ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബെര്‍ജോഗാര്‍ തരംഗം സൃഷ്ടിക്കാനുള്ള ഹാര്‍ദികിന്റെ നീക്കം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ തനിക്കൊപ്പം ക്യാമ്പയിനില്‍ പങ്കുചേരുമെന്നാണ് ഹാര്‍ദികിന്റെ പ്രതീക്ഷ. ഇതിനോടകം തന്നെ നിരവധി പേര്‍ ട്വിറ്ററില്‍ പേരിനൊപ്പം ബെര്‍ജോഗാര്‍ എന്ന് ചേര്‍ത്തുകഴിഞ്ഞു. 

ഹാര്‍ദികിന്റെ നീക്കം ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ആഡംബര കാറില്‍ ചുറ്റിനടക്കുന്ന ഹാര്‍ദിക് തൊഴില്‍രഹിതനാണെന്ന് എങ്ങനെ പറയാന്‍ പറ്റും എന്നാണ് ബിജെപി നേതാവായ തപന്‍ തക്കാര്‍ വിമര്‍ശിച്ചത്. 
 

click me!