Latest Videos

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കുമാരസ്വാമി പങ്കെടുക്കില്ല: ദില്ലി യാത്ര റദ്ദാക്കി

By Web TeamFirst Published May 21, 2019, 12:15 PM IST
Highlights

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരുന്നുണ്ട്

ദില്ലി: ദില്ലിയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ജെഡിഎസ് നേതാവും കർണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പങ്കെടുക്കില്ല. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരുന്നത്. ആദ്യം യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കുകയായിരുന്നു. 

കർണ്ണാടകത്തിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ബിജെപി വീണ്ടും തുടക്കമിട്ടിട്ടുണ്ട്. 20 എംഎൽഎമാർ കോൺഗ്രസ് വിടാൻ തയ്യാറായി നിൽക്കുകയാണെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് കെസി വേണുഗോപാൽ കർണ്ണാടകത്തിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ്-ജെഡിഎസ് നേതാക്കളുമായി ഇദ്ദേഹം ചർച്ച നടത്തും. 

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നി‌ർത്തണം എന്നതായിരുന്നു ഇന്നലെ ചേർന്ന യോഗത്തിലെ പൊതു വികാരം. എൻസിപിയുടെ വന്ദന ചവാന്‍റെ പേരാണ് സജീവ പരിഗണനയിലുള്ളത്.  ജനതാദൾ യുണൈറ്റഡിന്റെ ഹരിവൻഷിന്റെ പേര് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

നാളെ 12 മണിവരെ നിർദ്ദേശം സമർപ്പിക്കാൻ സമയമുണ്ട്.. ഇതിനിടയിൽ പട്ടികജാതി പട്ടികവർഗ്ഗ നിയമഭേദഗതി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ല് ഇന്നലെ ലോക്സഭ പാസ്സാക്കിയിരുന്നു.

click me!