'ഇതൊരു ശല്യമാവുകയാണല്ലോ'; 100% വിവിപാറ്റുകൾ എണ്ണണമെന്ന ഹർജി സുപ്രീം കോടതി തള്ളി

By Web TeamFirst Published May 21, 2019, 11:36 AM IST
Highlights

ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹർജിക്കാർ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

ദില്ലി: നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നൽകിയ ഹർജിയാണ് തള്ളിയത്. ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കൂവെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹർജിക്കാർ ശല്യപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. 

വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഈ ആവശ്യം ഉന്നയിച്ച് ചന്ദ്രബാബു നായിഡു സമരം ചെയ്യുന്നത് . എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതിനിടെയാണ് പ്രതിപക്ഷം  കമ്മിഷന് മുന്നിൽ പ്രത്യക്ഷ സമരം നടത്തുന്നത്. എക്സിറ്റ് പോള്‍ പോലെ തിരഞ്ഞെടുപ്പ് ഫലം വന്നാൽ  റീ പോളിങ് ആവശ്യപ്പെടുമെന്ന്   എഎപി വ്യക്തമാക്കിയിരുന്നു. 

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടക്കാതെ ഫലം ബിജെപിയ്ക്ക് അനുകൂലമാകില്ലെന്നാണ്  എഎപി എം പി സഞ്ജയ് സിങ്ങിന്‍റെ വാദം.  എക്സിറ്റ് പോളുകള്‍ ഇവിഎം മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി തിരിച്ചടിച്ചു . 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!