'രാവണനെ കൊന്നതും ഞാന്‍ തന്നെ' എന്ന് പറഞ്ഞേനേ; മോദിയെ പരിഹസിച്ച് അജിത് സിങ്

Published : Apr 04, 2019, 11:12 AM IST
'രാവണനെ കൊന്നതും ഞാന്‍ തന്നെ' എന്ന് പറഞ്ഞേനേ; മോദിയെ പരിഹസിച്ച് അജിത് സിങ്

Synopsis

മോദി ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് പറഞ്ഞേനേ എന്നാണ് അജിത് സിങ്ങിന്റെ പരിഹാസം. 

ഭാഗ്പഥ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്ന പ്രധാമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്. ശ്രീലങ്കയ്ക്ക് പോയിരുന്നെങ്കില്‍ രാവണനെ കൊന്നതും താനാണ് എന്ന് മോദി പറഞ്ഞേനേ എന്നാണ് അജിത് സിങ്ങിന്റെ പരിഹാസം. 

പ്രധാനമന്ത്രി മോദി വളരെ സൂത്രശാലിയും കള്ളത്തരം പറയാന്‍ മിടുക്കനുമാണെന്ന് അജിത് സിങ് ആരോപിച്ചു. ''മോദി ശ്രീലങ്കയില്‍ പോയിരുന്നെങ്കില്‍, രാവണനെ കൊന്നത് ഞാനാണ് എന്ന് പറഞ്ഞേനെ. കാരണം, മോദിക്ക് വേണ്ടി വേറെയാരും പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞ് ഇന്ന് വരെ കേട്ടിട്ടില്ലല്ലോ!'' അജിത് സിങ് പരിഹസിച്ചു.

"എന്തുമാത്രം തൊപ്പികളാണ് ഈ മനുഷ്യന്‍ ധരിക്കുന്നത്? ഇതൊക്കെ എവിടെനിന്നാണ് കിട്ടുന്നതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല. എന്നിട്ടും പറയുന്നതെന്താണ്, ഞാന്‍ യാചകനാണെന്ന്. അദ്ദേഹം യാചകനാണെങ്കില്‍ ഞാനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നെയും അങ്ങനെയൊരു യാചകനാക്കൂ എന്ന്." അജിത് സിങ് പറഞ്ഞു.

'ചൗക്കിദാറിനെ (കാവല്‍ക്കാരനെ) ആണ് വേണ്ടതെങ്കില്‍ നേപ്പാളില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മതിയല്ലോ, നമുക്ക് വേണ്ടത് ഒരു പ്രധാനമന്ത്രിയെയാണ്' എന്ന വിവാദപരാമര്‍ശവും അജിത് സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി മഹാസഖ്യത്തിന്റെ ഭാഗമാണ് അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?