രാഹുലിനായി കേരളം കാത്തിരിക്കുന്നു; പിണറായി എതിർക്കുന്നതെന്തിന്? ചെന്നിത്തല

By Web TeamFirst Published Mar 24, 2019, 11:21 AM IST
Highlights

രാഹുൽ വരുമെന്നറിഞ്ഞതോടെ ഇരുപതും സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ മോദിയും സിപിഎമ്മും കോൺഗ്രസിന്‍റെ ശത്രുക്കളാണെന്നും ചെന്നിത്തല.

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ വന്നാൽ കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസിന് വലിയ ഉണര്‍വുണ്ടാകും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

രാഹുൽ മത്സരിക്കാൻ എത്തുമെന്ന് അറിഞ്ഞതോടെ ഇടത് മുന്നണിയും ബിജെപിയും വിറളി പിടിച്ച അവസ്ഥയിലാണ്. ഇടത് പക്ഷത്തോടല്ല ബിജെപിയോടാണ് രാഹുൽ മത്സരിക്കേണ്ടതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്ധമായ കോൺഗ്രസ് വിരോധം വച്ചു പുലര്‍ത്തിയിരുന്ന പിണറായി വിജയന്‍റെയും ഇടത് മുന്നണിയുടേയും അവസരവാദ സമീപനമാണ് ഇതോടെ പുറത്ത് വന്നത്. സീതാറാം യച്ചൂരി മുന്നോട്ട് വച്ച മതേതര പ്ലാറ്റ് ഫോമിനെ പൊളിച്ച പിണറായി വിജയന് രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കാൻ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം. എതിര്‍ കക്ഷി ബിജെപിയാണെങ്കിൽ വയനാട്ടിൽ രാഹുലിനെതിരായ പോരാട്ടത്തിൽ നിന്ന് പിൻമാറാൻ ഇടത് മുന്നണി ഒരുക്കമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇരുപതിൽ ഇരുപതും സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ ആശങ്കയെന്നും അതുകൊണ്ടാണ് രാഹുൽ മത്സരിക്കുന്നതിനെതിരെ ഇടത് മുന്നണി രംഗത്തെത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വയനാട്ടിൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വിജയത്തിന് വേണ്ടി കേന്ദ്രീകരിച്ചാൽ മറ്റ് മണ്ഡലങ്ങളിൽ വിജയമുറപ്പിക്കാമെന്നത് കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകൾ മലര്‍പൊടിക്കാരന്‍റെ സ്വപ്നമാണെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. അത്ര സംഘനടാ ബോധമില്ലാത്തവരാണ് യുഡിഎഫ് പ്രവര്‍ത്തകരെന്ന് കോടിയേരി കരുതരുതെന്നാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറയുന്നത്.

click me!