ബംഗാളില്‍ ഏഴാം ഘട്ടത്തില്‍ മാത്രം ബിജെപിക്ക് സംഭവിച്ചത് വമ്പന്‍ തോല്‍വി

By Web TeamFirst Published May 25, 2019, 3:39 PM IST
Highlights

ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയ സംസ്ഥാനങ്ങളില്‍ ഒന്ന് പശ്ചിമ ബംഗാളായിരുന്നു. തൃണമൂലിനെ തൂത്തെറിഞ്ഞ് ബംഗാള്‍ പിടിച്ചെടുക്കുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രം മുന്നില്‍ വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തിയത്

മതാബാനര്‍ജിയുടെ അപ്രമാദിത്വത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിജെപി. ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തൃണമൂലിനെയും ഞെട്ടിച്ചു കൊണ്ട്  ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ 18 സീറ്റുകളിലാണ് ബിജെപി വിജയം കൊയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 22 സീറ്റുകള്‍. 

ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയ സംസ്ഥാനങ്ങളില്‍ ഒന്ന് പശ്ചിമബംഗാളായിരുന്നു. തൃണമൂലിനെ തൂത്തെറിഞ്ഞ് ബംഗാള്‍ പിടിച്ചെടുക്കുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രം മുന്നില്‍ വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തിയത്. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയ സംസ്ഥാനമാണ് ബംഗാള്‍. അത്രയേറെ ശ്രദ്ധയും പ്രചാരണ പരിപാടികളും കൃത്യമായി ആസൂത്രണം ചെയ്ത് അത് നടപ്പിലാക്കാനും ബിജെപി ശ്രദ്ധിച്ചു.  

ഏഴു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് ലോക്സഭാതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടന്നത്. ആദ്യത്തെ ആറ് ഘട്ടങ്ങള്‍ വരെ ഏറ്റവും കുറഞ്ഞത് രണ്ടു സീറ്റുകളിലെങ്കിലും വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചെങ്കിലും അവസാനഘട്ടത്തില്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്. 

ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളില്‍ ഉള്‍പ്പെട്ട എല്ലാ മണ്ഡലങ്ങളിലും വിജയിക്കാന്‍  ബിജെപിക്ക് സാധിച്ചു. മൂന്നാമത്തെ ഘട്ടത്തില്‍ അഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ രണ്ടു സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. നാലാമത്തെ ഘട്ടത്തില്‍ മൂന്നു സീറ്റുകള്‍ ബിജെപിയും നാലു സീറ്റുകള്‍ തൃണമൂലും സ്വന്തമാക്കി. അഞ്ചാമത്തെ ഘട്ടത്തില്‍ ബിജെപി മൂന്നു സീറ്റുകള്‍ നേടിയപ്പോള്‍ തൃണമൂല്‍ നാല് സീറ്റുകളില്‍ വിജയിച്ചു. 

ഇലക്ഷന്‍ പ്രചാരണം ഏറ്റവും കൂടുതല്‍ നടന്ന ആറാമത്തെ ഫേസില്‍ എട്ടില്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍, മൂന്നു സീറ്റുകള്‍ തൃണമൂലിന് ലഭിച്ചു. മേയ് 19 നാണ് ഒമ്പത് സീറ്റുകളിലേക്ക് ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി ഒരു സീറ്റു പോലും നേടിയില്ല. ഒരു മണ്ഡലത്തില്‍ ഒഴിച്ച് ബാക്കി എല്ലാ എട്ട്  മണ്ഡലത്തിലും വിജയിച്ച പാര്‍ട്ടി ഒരു ലക്ഷത്തിലധികമാണ് ലീഡ് നേടിയതെന്നതാണ്  അതിനേക്കള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദം ദം മണ്ഡലത്തില്‍ മാത്രമാണ് അമ്പതിനായിരത്തില്‍ അധികം വോട്ടിന്‍റെ ലീഡ് ലഭിച്ചത്. 

എന്താണ് ഏഴാം ഘട്ടത്തില്‍ സംഭവിച്ചത് 

ഏഴാംഘട്ടത്തിലെ തെരഞ്ഞെടുപ്പിന്‍റെ തൊട്ടു മുമ്പ് സംസ്ഥാനത്തെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടത്. കൊല്‍ക്കത്തയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെയും ആക്രമണങ്ങള്‍ അരങ്ങേറി. 

റോഡ് ഷോയ്ക്കിടെ വിദ്യാസാഗര്‍ കോളേജിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടു. ബംഗാളിന്‍റെ സാമൂഹിക പരിഷ്ക്കര്‍ത്താവായാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ അറിയപ്പെടുന്നത്. ബംഗാളിന്‍റെ ചരിത്രത്തെയും ആത്മാഭിമാനത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയില്‍ നിന്നും മോദിയില്‍ നിന്നും ഉണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് തൃണമൂല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രചാരണപരിപാടികളില്‍ വ്യക്തമാക്കി. 

കോളേജിലെത്തിയ മമത തകര്‍ന്ന പ്രതിമയുടെ ഭാഗങ്ങള്‍ കൈയ്യിലെടുത്ത്  പ്രതിമ തകര്‍ത്ത സംഭവത്തിന്  വോട്ടിലൂടെ ജനങ്ങള്‍ മറുപടി നല്‍കണമെന്ന് ആഹ്വാനം ചെയ്തു. ആക്രമണങ്ങള്‍ക്ക് പിന്നിലെ ബിജെപിയാണെന്ന മറ്റ് പാര്‍ട്ടികളുടെ പ്രചരണത്തിന് വലിയ തോതില്‍ ശ്രദ്ധ ലഭിച്ചു. ബംഗാളിന്‍റെ സംസ്കാരത്തെയും  ആത്മാഭിമാനത്തെയും ചോദ്യം ചെയ്തെന്ന പ്രതിപക്ഷ കക്ഷികളുടെ പ്രചാരണവും അവസാനഘട്ടത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി. അതാണ് ഏഴാംഘട്ടത്തില്‍ ഒരു സീറ്റു പോലും നേടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത്. അത്  ബിജെപിയുടെ സീറ്റ് നില 18 ല്‍ ഒതുക്കി. 

click me!