ഈ വര്‍ഷം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 149 രാഷ്ട്രീയ പാർട്ടികൾ; ആകെ എണ്ണം 2,293 !

By Web TeamFirst Published Mar 19, 2019, 5:13 PM IST
Highlights

ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി 149 രാഷ്ട്രീയ പാർട്ടികളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴ് ദേശീയ പാർട്ടികളും 59 അം​ഗീകൃത സംസ്ഥാന പാർട്ടികളും ഉൾപ്പെടുന്നു. 

ദില്ലി: 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് മാർച്ച് ഒമ്പത് വരെ രജിസ്റ്റർ ചെയ്തത് 2,293 രാഷ്ട്രീയ പാർട്ടികൾ. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി 149 രാഷ്ട്രീയ പാർട്ടികളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏഴ് ദേശീയ പാർട്ടികളും 59 അം​ഗീകൃത സംസ്ഥാന പാർട്ടികളും ഉൾപ്പെടുന്നു. 

ബരോസ പാർട്ടി (തെലുങ്കാന), സബ്സേ ബഡീ പാർട്ടി (ദില്ലി), രാഷ്ട്രീയ സാഫ് നീതി പാർട്ടി (ജയ്പൂർ), ബഹുജൻ ആസാദ് പാർട്ടി (ബീഹാർ), സാമൂഹിക് ഏകതാ പാർട്ടി (ഉത്തർ പ്രദേശ്), ന്യൂ ജനറേഷൻസ് പാർട്ടി (തമിഴ്നാട്) തുടങ്ങിയവയാണ് പുതുതായി രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍.

രജിസ്റ്റർ ചെയ്തവയിൽ അം​ഗീകാരമില്ലാത്ത പാർട്ടികൾക്ക് സ്ഥിരമായൊരു ചിഹ്നം ലഭിക്കില്ല. അത് കൊണ്ട് തന്നെ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല.  എന്നാൽ പോൾ പാനൽ പുറത്തിറക്കിയ പട്ടികയിൽനിന്ന് സൗജന്യമായി ചിഹ്നം തിരഞ്ഞടുക്കാവുന്നതാണ്. നിലവിൽ 84 സൗജന്യ ചിഹ്നങ്ങളുണ്ട്.

ഫെബ്രുവരി വരെ രാജ്യത്ത് 2,143 പാർട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശ്, രാജസ്ഥൻ, തെലങ്കാന, മിസോറാം, ഛത്തിസ്​ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 59 പാർട്ടികൾ പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

click me!