ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു: തുടക്കത്തില്‍ ഭേദപ്പെട്ട പോളിംഗ്

By Web TeamFirst Published Apr 11, 2019, 11:26 AM IST
Highlights

യുപിയിലെ മുസാഫറനഗറില്‍ രാവിലെ ഒന്‍പത് വരെ 10 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇവിടെ വോട്ടിംഗില്‍ കൃതിമം നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഡ‍ോ.സജ്ഞീവ് ബല്യാന്‍  രംഗത്തു വന്നിട്ടുണ്ട്. ബുര്‍ഖ ധരിച്ചെത്തിയ വനിതാ വോട്ടര്‍മാരുടെ മുഖം പരിശോധിക്കാത്തത് കാരണം കള്ളവോട്ട് നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.

മുംബൈ: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിന് തുടക്കമായി. വോട്ടെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്.  ആന്ധ്രാപ്രദേശ്,ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്.
 
രാവിലെ ഒന്‍പത് മണി വരെ വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്- പശ്ചിമബംഗാള്‍-18.12%, മിസോറാം-17.5%, ചത്തീസ്ദഢ്-10.2%,മണിപ്പൂര്‍-15.6%, ലക്ഷദ്വീപ്-9.83%,തെലങ്കാന-10.6,ആന്‍ഡമാന്‍ നിക്കോബാര്‍-5.83, ആസാം-10.2, അരുണാചല്‍ പ്രദേശ്-13.3, നാഗാലാന്‍ഡ്-21,
 
യുപിയിലെ മുസാഫറനഗറില്‍ രാവിലെ ഒന്‍പത് വരെ 10 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇവിടെ വോട്ടിംഗില്‍ കൃതിമം നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഡ‍ോ.സജ്ഞീവ് ബല്യാന്‍  രംഗത്തു വന്നിട്ടുണ്ട്. ബുര്‍ഖ ധരിച്ചെത്തിയ വനിതാ വോട്ടര്‍മാരുടെ മുഖം പരിശോധിക്കാത്തത് കാരണം കള്ളവോട്ട് നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഗാസിയാബാദില്‍ 12 ശതമാനവും മീററ്റില്‍ 10 ശതമാനവും പോളിംഗ് രാവിലെ ഒന്‍പത് വരെ രേഖപ്പെടുത്തി.
 
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കര,ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ എന്നിവര്‍ നാഗ്പൂറിലും  ടിഡ‍ിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും മന്ത്രിയുമായ നാരാ ലോകേഷ് അമരാവതിയിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഡെറാഢൂണിലും,എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി ഹൈദാരാബാദിലും, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി കഡപ്പയിലും  തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ മകളും സ്ഥാനാര്‍ഥിയുമായ കെ കവിത നിസാമാബാദിലും വോട്ടുകള്‍ രേഖപ്പെടുത്തി.
 
ചത്തീസ്ഗഢിലെ നാരായണ്‍പുറില്‍ പുലര്‍ച്ചെ പോളിംഗ് ബൂത്തിലേക്ക് പോയ പോളിംഗ് ഉദ്യോഗസ്ഥരുടേയും സുരക്ഷാസേനകളുടേയും സംഘം നക്സലുകളുമായി ഏറ്റുമുട്ടി. എങ്കിലും നക്സലുകളെ മറികടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പോളിംഗ് ബൂത്തിലെത്തി. ചത്തീസ്ഗഢിലെ നക്സല്‍ ബാധിത പ്രദേശമായ ദണ്ഡേവാഡയില്‍ ഇക്കുറി മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ ആദിവാസികള്‍ വോട്ട് ചെയ്യാനായി എത്തുന്നുണ്ട്. ഇവിടെ ഏപ്രില്‍ 9-ന് നടന്ന പ്രചാരണത്തിനിടെ ബിജെപി എംഎല്‍എ ഭീമ മാണ്ഡവിയും അദ്ദേഹത്തിന്‍റെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും നക്സല്‍ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു.
 
അതിനിടെ ലോക്സഭാ-നിയമസഭാ വോട്ടെടുപ്പുകള്‍ ഒരുമിച്ചു നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപകമായി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പലയിടത്തും വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ഗുണ്ടൂരില്‍ വോട്ടിംഗിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടിഡിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോളിംഗ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. വെസ്റ്റ് ഗോദാവരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്.
 
ആന്ധ്രാപ്രദേശ്, സിക്കിം,അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡീഷയിലെ 147 സീറ്റുകളില്‍ 28 മണ്ഡലങ്ങളില്‍ മാത്രമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സീറ്റുകളുടെ എണ്ണവും. ആന്ധ്രാപ്രദേശ്-25, അരുണാചല്‍ പ്രദേശ്-2, ആസാം-5,ബീഹാര്‍-4, ചത്തീസ്ഗഢ്-1, ജമ്മു കശ്മീര്‍-2,മഹാരാഷ്ട്ര-7, മണിപ്പൂര്‍-1,മേഘാലയ-2, മിസോറാം-1, നാഗാലാന്‍ഡ്-1,ഒഡീഷ-4, സിക്കീം-1,തെലങ്കാന-17,ത്രിപുര-1, ഉത്തര്‍പ്രദേശ്-8,ഉത്തരാഖണ്ഡ്-5,പശ്ചിമബംഗാള്‍-2. കേന്ദ്രഭരണപ്രദേശങ്ങള്‍- ആന്‍ഡമാന്‍-1, ലക്ഷദ്വീപ്-1.
 
click me!