ചാലക്കുടിയിൽ വീണ്ടും മത്സിക്കാന്‍ തയ്യാര്‍; ജയം ഉറപ്പെന്ന് ഇന്നസെന്‍റ് എംപി

By Web TeamFirst Published Mar 7, 2019, 7:50 PM IST
Highlights

ചാലക്കുടിയിൽ വീണ്ടും ജനവിധി തേടിയാലും ജയം ഉറപ്പാണെന്ന് ഇന്നസെന്‍റ്.  എം പി എന്ന നിലയിൽ മണ്ഡലത്തിൽ  മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇത് വിജയ സാധ്യത കൂട്ടുമെന്നും ഇന്നസെന്‍റ്. 
 

തൃശ്ശൂര്‍: ചാലക്കുടിയിലെ സിറ്റിംഗില്‍ വീണ്ടും മത്സിക്കാന്‍ തയ്യാറാണെന്ന് ഇന്നസെന്‍റ് എം പി. വീണ്ടും ജനവിധി തേടിയാലും ജയം ഉറപ്പാണ് എന്നും ഇന്നസെന്‍റ് പറഞ്ഞു. എം പി എന്ന നിലയില്‍ അഞ്ച് വർഷം മണ്ഡലത്തിൽ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും ഇത് വിജയ സാധ്യത കൂട്ടുമെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു. 

അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും ഇന്നസെന്‍റ് തുറന്ന് പറഞ്ഞു. എംപി ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്നസെന്‍റ് നിലപാട് വ്യക്തമാക്കിയത്. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിച്ചാല്‍ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. പി.രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാര്‍ശ. ഇന്നസെന്‍റിന് ചാലക്കുടിയില്‍ രണ്ടാമൂഴം നല്‍കുന്ന പക്ഷം അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍ വാദമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കണം എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. 

click me!