സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല; എ വിജയരാഘവന്റെ വിവാദ പ്രസംഗം പരിശോധിക്കും:യെച്ചൂരി

By Web TeamFirst Published Apr 3, 2019, 12:03 PM IST
Highlights

പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യച്ചൂരി 

കൊച്ചി: എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സീതാറാം  യെച്ചൂരി. സ്ത്രീകളെ അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്ന് യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു. എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും യെച്ചൂരി വിശദമാക്കി. പാര്‍ട്ടിയുടെ സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു. 

രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ വിവാദപരാമര്‍ശം സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രസ്താവന തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് ഇടതുമുന്നണിയില്‍ അഭിപ്രായമുണ്ട്. അതേസമയം രമ്യ ഹരിദാസിനെതിരായ പരാമര്‍ശം അന്വേഷിക്കാന്‍ തൃശൂര്‍ ഐജിക്ക് നിര്‍ദേശം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് അന്വേഷണം. എൽഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍റെ അശ്ലീലപരാമര്‍ശം വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. കഴിഞ്ഞ ദിവസം പൊന്നാനിയിലെ പൊതുയോഗത്തിലാണ് എ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.

click me!