പൊലീസിന്‍റെ പോസ്റ്റൽ വോട്ടിൽ വൻ തിരിമറി; സമഗ്ര അന്വേഷണം വേണമെന്ന് ഇന്‍റലിജൻസ്

By Web TeamFirst Published May 6, 2019, 10:49 AM IST
Highlights

പോസ്റ്റൽ വോട്ടിലെ പാളിച്ച മുതലാക്കിയാണ് പൊലീസ് അസോസിയേഷൻ ഇടപെട്ട് വ്യാപക തിരിമറി നടത്തുന്നതെന്നാണ് ഇന്‍റലിജൻസ് കണ്ടെത്തൽ . സമഗ്ര അന്വേഷണമാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്‍റലിജൻസ്  മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. പോസ്റ്റൽ വോട്ടിലെ പാളിച്ചകൾ മുതലാക്കിയാണ് ക്രമക്കേട് നടത്തുന്നതെന്നും എല്ലാ ജില്ലകളിലും അനുവദിച്ച പോസ്റ്റൽ വോട്ടുകളിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. 

പൊലീസിലെ പോസ്റ്റൽ വോട്ടിൽ വ്യാപക തിരിമറി നടക്കുന്നു എന്ന റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്ത് വിട്ടത്. പൊലീസുകാരുടെ സംഭാഷണ അടങ്ങിയ ഓഡിയോ ക്ലിപ്പ് അടക്കമായിരുന്നു വാര്‍ത്ത. ഇതെ തുടര്‍ന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്. വാര്‍ത്തയിലെ വിശദാംശങ്ങളടക്കം പരിശോധിച്ച് നാല് പേജുള്ള റിപ്പോര്‍ട്ടാണ് ഇന്‍റലിജൻസ് മേധാവി ടികെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയിട്ടുള്ളത്. 

പോസ്റ്റൽ വോട്ടിലെ പാളിച്ചകളാണ് പ്രധാനമായും മുതലെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. പോസ്റ്റൽ വോട്ടിന്  ഏത് വിലാസത്തിൽ വേണമെങ്കിലും അപേക്ഷിക്കാം. പോസ്റ്റൽ വോട്ട് വന്നാലും അത്  ആര് സ്വീകരിക്കുന്നു എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനമില്ല. ഈ  ന്യൂനതയെല്ലാം മുതലെടുത്താണ് വ്യാപക ക്രമക്കേട് നടത്തുന്നതെന്നാണ് കണ്ടെത്തൽ. മാത്രമല്ല എല്ലാ ജില്ലകളിലും പോസ്റ്റൽ വോട്ട് തിരിമറിയിൽ അന്വേഷണം വേണമെന്നും ഇന്‍റലിജൻസ് മേധാവി നിര്‍ദ്ദേശിക്കുന്നുണ്ട്.  

പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. 

പോലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ചുവടെ:

 

അതേ സമയം ആരോപണം അസംബന്ധമാണെന്ന നിലപാടിലാണ് പൊലീസ് അസോസിയേഷൻ. അടിസ്ഥാനരഹിതമായ  ആരോപണമാണ് ഉന്നയിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. പോസ്റ്റൽ വോട്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്. അതിനാൽ ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടിൻ ഡിജിപി എന്തു നടപടി സ്വീക്കുമെന്നതാണ് ഇനി നിർണാകമാണ്.

Read also: 

പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചത് ചട്ടപ്രകാരമെന്ന് ഡിജിപി
click me!