ബംഗാളിൽ 'കൈ കോർക്കാനുള്ള' തീരുമാനം ഏകകണ്ഠമായിരുന്നില്ല; എതിർപ്പുയർന്നെന്ന് സൂചന നൽകി യെച്ചൂരി

By Web TeamFirst Published Mar 4, 2019, 6:13 PM IST
Highlights

പശ്ചിമബംഗാളിൽ ഏഴ് സീറ്റുകളിലെങ്കിലും കോൺഗ്രസ് - സിപിഎം നീക്കുപോക്കുണ്ടാകുമെന്ന ചരിത്രപരമായ തീരുമാനം സിപിഎം സിസി എടുത്തതിന് പിന്നാലെയാണ് തീരുമാനത്തിൽ ഭിന്നതയുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കുന്നത്. 

ദില്ലി: പശ്ചിമബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിനുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടെടുത്തു എന്ന സൂചന നൽകുന്നതായിരുന്നു യെച്ചൂരിയുടെ വാക്കുകൾ. എതിർപ്പുണ്ടായിരുന്നെന്നും, എന്നാൽ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാനിച്ച് നീക്കുപോക്കിന് ധാരണയുണ്ടാക്കുകയായിരുന്നെന്നും യെച്ചൂരി വ്യക്തമാക്കി. 

''തീർച്ചയായും വലിയ ഭൂരിപക്ഷം തീരുമാനത്തോട് യോജിച്ചു, വലിയ ഭൂരിപക്ഷം തന്നെ'', വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളിൽ കോൺഗ്രസുമായി സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്ക്ക് കോൺഗ്രസും തയ്യാറായിട്ടുണ്ട്. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴാണ് കോൺഗ്രസും സിപിഎമ്മും പശ്ചിമബംഗാളിൽ ചരിത്രപരമായ ഒരു നീക്കുപോക്കിന് തയ്യാറാകുന്നത്.

ഒരു കാലത്ത് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കേണ്ട എന്ന് പോലും തീരുമാനിച്ച സിപിഎം ആ നിലപാടിൽ നിന്നൊക്കെ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. പ്രധാന എതിരാളി ബിജെപിയാണ്. തൃണമൂലിനെ പശ്ചിമബംഗാളിൽ തറ പറ്റിച്ചേ തീരൂ. 

കോൺഗ്രസിന്‍റെ നാലും സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്നാണ് ധാരണയായിട്ടുള്ളത്. ഇതിന് പുറമേ ഒരു സീറ്റിൽക്കൂടി നീക്കു പോക്കുണ്ടായേക്കും. അങ്ങനെയെങ്കിൽ പശ്ചിമബംഗാളിൽ ആകെ ഏഴ് സീറ്റുകളിൽ സിപിഎം കോൺഗ്രസ് നീക്കുപോക്ക് ഉരുത്തിരിയും.

റായ്‍ഗഞ്ച്, മൂർഷിദാബാദ് എന്നീ സിപിഎം സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തില്ല. മാൽഡ, ഉത്തർ മാൽഡ, ദക്ഷിൺ ബഹ്റാം‍പൂർ, ജാംഗിപൂർ എന്നീ കോൺഗ്രസ് സിറ്റിംഗ് സീറ്റുകളിൽ സിപിഎമ്മും മത്സരിക്കില്ല. 

ബിജെപിയെ ഒന്നിച്ച് നിന്ന് നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി. സഖ്യം വേണമെന്ന പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്‍റെ നിലപാടിനെ നേരത്തേ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. ഇപ്പോൾ കേന്ദ്രകമ്മിറ്റിയും നീക്കുപോക്കിന് തയ്യാറാകുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസുമായുള്ള ചർച്ചകളിൽ കൃത്യമായ ധാരണ ഉരുത്തിരിഞ്ഞിരുന്നില്ല. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ റായ്‍ഗഞ്ചിനെച്ചൊല്ലിയായിരുന്നു തർക്കം. ഈ സീറ്റ് വിട്ടുകൊടുക്കില്ല എന്നായിരുന്നു കോൺഗ്രസിന്‍റെ നിലപാട്. ഇതോടെ സഖ്യചർച്ചകളിൽ സമവായമായില്ല. എന്നാൽ ഇന്നലെ രാത്രി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സീതാറാം യെച്ചൂരി സംസാരിച്ച ശേഷമാണ് അന്തിമധാരണയായത്. 

പരമാവധി തൃണമൂലിനും ബിജെപിക്കും എതിരായ വോട്ടുകൾ ഭിന്നിക്കാതെ സ്വന്തം തട്ടകങ്ങൾ നിലനിർത്തുക എന്നതാണ് ഇരുപാർട്ടികളും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.

മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻസിപി സഖ്യത്തോട് ദിൻദോറി സീറ്റ് ആവശ്യപ്പെട്ടു. ഒഡീഷയിലും കോൺഗ്രസിനാവും പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ വോട്ട്. ബീഹാറിൽ ഉജിയാർപുർ സീറ്റ് വേണമെന്ന നിർദദേശം ആർജെഡി - കോൺഗ്രസ് സഖ്യത്തിനു മുന്നിൽ വച്ചു.

സീതാറാം യെച്ചൂരിയുടെ വാർത്താ സമ്മേളനം:

click me!